കൊല്ലം: വ്യാജ ഉത്തരവും പിഎസ്സിയുടെ അഡൈ്വസ് മെമ്മോയും നിര്‍മിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കേസില്‍ കുടുംബത്തെ വിശ്വസിപ്പിക്കാനാണ് വ്യാജ രേഖകള്‍ നിര്‍മ്മിച്ചതെന്നും പിഎസ്സിയെ കബളിപ്പിക്കാനായിരുന്നില്ലെന്നും അറസ്റ്റിലായ യുവതി. കേസില്‍ അറസ്റ്റിലായ കൊല്ലം വാളത്തുംഗല്‍ ‘ഐശ്വര്യ’യില്‍ ആര്‍. രാഖി (25)യാണ് അറസ്റ്റിലായത്. യുവതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. വ്യാജ ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു യുവതിയുടെ ശ്രമം. ശനിയാഴ്ച രാത്രിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ജില്ല പി എസ് സി ഓഫീസര്‍ ടി എ തങ്കത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
യുവതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാജരേഖ നിര്‍മ്മിക്കാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്യേണ്ടതുണ്ട്. യുവതിക്ക് ജാമ്യം ലഭിച്ചതോടെ ഇതിന് കഴിയാത്ത അവസ്ഥയാണ്. റിമാന്‍ഡ് ചെയ്യാനാവശ്യപ്പെട്ട് കൊല്ലം ഈസ്റ്റ് പൊലീസ് ഞായറാഴ്ച വൈകിട്ട് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്.
പിഎസ്സിയെ കബളിപ്പിക്കാനല്ല, കുടുംബത്തിനെ വിശ്വസിപ്പിക്കാനാണ് വ്യാജ രേഖകള്‍ നിര്‍മിച്ചതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. മുലപ്പാല്‍ കുടിക്കുന്ന ചെറിയ കുട്ടിയുണ്ടെന്നതുള്‍പ്പെടെ വാദങ്ങള്‍ യുവതി ഉയര്‍ത്തുകയും ചെയ്തു. ജാമ്യം അനുവദിച്ച കോടതി ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാണ് വീട്ടുകാര്‍ക്കൊപ്പം യുവതിയെ പോകാന്‍ അനുവദിച്ചത്. കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷയും ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും ചൊവ്വാഴ്ച സമര്‍പ്പിക്കണമെന്ന് പൊലീസിനും കോടതി നിര്‍ദേശം നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനുള്ള പൊലീസിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടിയായി. അതേസമയം ചൊവ്വാഴ്ച തന്നെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.