കോട്ടയം: പുതുപ്പള്ളി വെറ്റിനറി ഉപകേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന സതിയമ്മക്കെതിരെ കേസെടുത്തു. വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വ്യാജ രേഖ ചമച്ചാണ് സതിയമ്മ വെറ്റിനറി ഉപകേന്ദ്രത്തില്‍ ജോലി നേടിയതെന്ന ലിജിമോളുടെ പരാതിയിലാണ് കോട്ടയം ഈസ്റ്റ്പൊലീസ് കേസെടുത്തത്.
ഐശ്വര്യ കുടുംബശ്രീ ഭാരവാഹികള്‍ക്കെതിരേയും കേസെടുത്തു. കുടുംബശ്രീ പ്രസിഡന്റ് ജാനമ്മ, സെക്രട്ടറി സുധാമോള്‍, വെറ്റിറിനറി ഓഫിസര്‍ ബിനു എന്നിവരാണ് പ്രതികള്‍. കുടുംബശ്രീയുടെ സെക്രട്ടറിയായിരുന്നു ലിജിമോള്‍.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് പിന്നാലെയാണ് മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരി സതിയമ്മയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ സതിയമ്മയെ ജോലിയില്‍ നിന്ന് പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞപ്പോള്‍ പിരിച്ചുവിട്ടതാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി വ്യക്തമാക്കി.
സതിയമ്മയല്ല, മറിച്ച് ലിജിമോള്‍ ആണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്‌തെന്ന് കണ്ടെത്തിയതിനാല്‍ ലിജിമോളോട് ജോലിക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു മന്ത്രി ചിഞ്ചുറാണി വിശദീകരിച്ചത്. എന്നാല്‍ താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പര്‍ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ലിജിമോള്‍ തന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കി ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.ഈ വാദം തള്ളിയാണ് ലിജിമോള്‍ രംഗത്ത് വന്നത്.
മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മന്‍ ചാണ്ടി പങ്കെടുത്തതും സതിയമ്മ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച ചാനല്‍ ഇത് സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിര്‍ദേശിക്കുകയായിരുന്നുവെന്നും ഒഴിവാക്കാന്‍ മുകളില്‍നിന്നു സമ്മര്‍ദ്ദമുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സൂചിപ്പിച്ചതായുമാണ് സതിയമ്മ പറഞ്ഞത്.