മധുര: നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചില്‍ തീപിടിത്തം. മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിന് തീപിടിച്ച് 10 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍നിന്നുള്ള ടൂറിസ്റ്റ് സംഘം സഞ്ചരിച്ചിരുന്ന പ്രത്യേക കോച്ച് മധുരയില്‍ നിര്‍ത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. രണ്ടു സ്ത്രീകളടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ സംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സതേണ്‍ റെയില്‍വേ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
മരിച്ചവരെല്ലാം ഉത്തര്‍പ്രദേശ് സ്വദേശികളാണ്. പരിക്കേറ്റവരുടെയും മറ്റു ആളപായങ്ങളുടെയും വിശദാംശങ്ങള്‍ അറിവായിട്ടില്ല. പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ടൂറിസ്റ്റ് ട്രെയിന്‍ നിര്‍ത്തിയത്. ഇതില്‍ വിനോദസഞ്ചാരികളില്‍ ചിലര്‍ പുലര്‍ച്ചെ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മധുര കളക്ടര്‍ സംഗീതയും റെയില്‍വേ ഡിവിഷണല്‍ മാനേജരും ട്രെയിന്‍ അപകടസ്ഥലത്ത് അന്വേഷണം നടത്തിവരികയാണ്.
പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് 5.45ഓടെ അഗ്‌നിരക്ഷാസേന എത്തി. 7.15-നാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. 16730 പുനലൂര്‍-മധുര എക്സ്പ്രസില്‍ നാഗര്‍കോവിലില്‍നിന്നാണ് സ്വകാര്യ കോച്ച് മധുരയിലെത്തിയത്. അവിടെ മറ്റൊരു ലൈനിലേക്കു മാറ്റിയിട്ടിരിക്കുകയായിരുന്നു. ഈ കോച്ചില്‍ അനധികൃതമായി കൊണ്ടുവന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ പറയുന്നു. തീ പടരുന്നത് കണ്ടതോടെ നിരവധി യാത്രക്കാര്‍ കോച്ചില്‍നിന്നു പുറത്തുചാടിയിരുന്നു.
ഓഗസ്റ്റ് 17-നാണ് ലക്നൗവില്‍നിന്നു സംഘം യാത്ര ആരംഭിച്ചത്. നാളെ കൊല്ലം-ചെന്നെ എഗ്മോര്‍ എക്സ്പ്രസില്‍ ചെന്നൈയിലേക്കു പോകാനിരിക്കെയാണ് അപകടമുണ്ടായത്. ചെന്നൈയില്‍നിന്ന് ലക്നൗവിലേക്കു മടങ്ങാനായിരുന്നു പരിപാടി. ഐആര്‍സിടിസി വഴിയാണ് ഇത്തരത്തില്‍ സ്വകാര്യ സംഘങ്ങള്‍ കോച്ച് ബുക്ക് ചെയ്ത് യാത്ര നടത്തുന്നത്. തീപിടിക്കാന്‍ സാധ്യതയുള്ള ഒരു വസ്തുവും ട്രെയിനില്‍ കയറ്റാന്‍ അനുവാദമില്ലാത്തതാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.