തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പണം ചെലവഴിക്കുന്നതിനു മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു നിര്‍ദ്ദേശം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ മുടങ്ങരുതെന്നും യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യോഗത്തില്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്തിന്റെ ധനസ്ഥിതി വിശദീകരിച്ചു. കടമെടുപ്പു തുക കുറച്ചതിന്റെ കാരണം ആരാഞ്ഞു കേന്ദ്രത്തിനു കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അഡി.ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു. കടമെടുക്കാന്‍ കഴിയുന്ന തുകയില്‍ കേന്ദ്രം വന്‍ വെട്ടിക്കുറവു വരുത്തിയതോടെ വരും മാസങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. 32,500 കോടി രൂപ കടമായി സ്വീകരിക്കാന്‍ കഴിയുമെന്നാണു കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും 15,390 കോടി രൂപയ്ക്കാണ് അനുമതി നല്‍കിയത്. 17,110 കോടിയുടെ കുറവുണ്ട്.
25,000 കോടി രൂപയെങ്കിലും ഈ വര്‍ഷം കടമെടുക്കാന്‍ കഴിയുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ. പകുതിയോളം തുക വെട്ടിക്കുറച്ചതോടെ ഈ വര്‍ഷം കടമെടുക്കാന്‍ കഴിയുക 15,390 കോടി രൂപ മാത്രമാണ്. ഈ വര്‍ഷം ഇതിനകം 2000 കോടി കടമെടുത്തു കഴിഞ്ഞു. ഇത്രയധികം തുക വെട്ടിക്കുറയ്ക്കുന്നത് ആദ്യമായാണ്. കഴിഞ്ഞവര്‍ഷം 23000 കോടി രൂപ വായ്പയെടുക്കാനാണ് അനുമതി നല്‍കിയിരുന്നത്. വായ്പ വെട്ടിക്കുറച്ചതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
കിഫ്ബി, പെന്‍ഷന്‍ ഫണ്ട് തുടങ്ങിയവ വഴിയെടുത്ത വായ്പകളുടെ പേരിലാണു തുക വെട്ടിക്കുറച്ചതെന്നാണു സൂചന. കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കമ്പനിയും വഴിയെടുത്ത ലോണുകള്‍ കേരളത്തിന്റെ വായ്പാ പരിധിയില്‍ നിന്നു വെട്ടിക്കുറയ്ക്കുമെന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിരുന്നു. ദൈനംദിന കാര്യങ്ങള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനപ്പുറത്തേക്കു സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും യുജിസി അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക, ലീവ് സറണ്ടര്‍ എന്നിവ കൊടുത്തുതീര്‍ത്തിട്ടില്ല. മാസം തോറും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും സാഹചര്യമായില്ല. രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഇപ്പോള്‍ കുടിശികയുണ്ട്.