കോട്ടയം: ഓണത്തെ കുറിച്ച് അങ്കലാപ്പ് സൃഷ്ടിക്കാന്‍ ശ്രമം നടന്നെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം വറുതിയുടെ ഓണമാവുമെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിച്ചു. എന്നാല്‍ ജനങ്ങളത് സ്വീകരിച്ചില്ല. ഏത് പ്രതിസന്ധിയുണ്ടായാലും വല്ലാതെ തകരാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ക്കറിയാമെന്നും മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വേണ്ട പിന്തുണ ഒരു കാലത്തും നല്‍കിയില്ല. സാമ്പത്തിക ഞെരുക്കം ഉള്ളത് കൊണ്ടാണ് പാവപ്പെട്ടവര്‍ക്ക് മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയത്. കിറ്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് പേടിയാണ്. സപ്ലൈകോയ്ക്ക് എതിരെ വ്യാജ പ്രചാരണം നടത്തിയവര്‍ക്ക് മുഖത്തടിയേറ്റു. അത്രയും സാധനങ്ങളാണ് സപ്ലൈകോ വഴി വിറ്റ് പോയത്. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഹോര്‍ട്ടി കോര്‍പ്പ് വഴി വില കുറച്ചു നല്‍കി.
ആസിയാന്‍ കരാര്‍ വേണ്ടെന്ന് എല്‍ഡിഎഫ് ആദ്യം തന്നെ പറഞ്ഞതാണ്. മന്‍മോഹന്‍ സിങ് സര്‍ക്കാരാണ് അത് നടപ്പിലാക്കാന്‍ പുറപ്പെട്ടത്. നല്ല നാളെ വരുമെന്ന് കോണ്‍ഗ്രസ് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇപ്പോഴെന്താണ് അവസ്ഥ റബ്ബറിന് വിലയിടിഞ്ഞു. തെറ്റ് തിരുത്തി ആസിയാന്‍ കരാര്‍ റദ്ദാക്കണമെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ? കേരളം ഒന്നിച്ചാവശ്യപ്പെടാം. കോണ്‍ഗ്രസും കൂടെയുള്ളവരും അതിന് തയ്യാറുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു.