തിരുവനന്തപുരം: മകളുടെ വിവാഹ ദിനത്തില്‍ പിതാവിനെ വിവാഹപ്പന്തലില്‍ അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ദാരുണ സംഭവമുണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നു പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച് ഫോണ്‍ വന്നതെന്നു കല്ലമ്പലം പൊലീസ് അറിയിച്ചു. രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്ന് വീട്ടില്‍ വിവാഹ സല്‍ക്കാരമുണ്ടായിരുന്നു. ഇതിനു ശേഷം ആളുകളെല്ലാം വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെയാണ് അയല്‍വാസികളായ ജിഷ്ണുവും സഹോദരന്‍ ജിജിനും രണ്ടു സുഹൃത്തുക്കളും ഇവിടേക്ക് എത്തിയത്. ഈ സമയത്ത് രാജുവും ഭാര്യയും വിവാഹിതയാകുന്ന മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജുവിന്റെ മകന്‍ സ്ഥലത്തുണ്ടായിരുന്നില്ല.
ഇവര്‍ രാജുവും കുടുംബവുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. രാജുവിന്റെ മകളും ജിഷ്ണുവും തമ്മില്‍ മുന്‍പ് അടുപ്പത്തിലായിരുന്നു. അതിനെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. സംഘര്‍ഷത്തിനും കയ്യാങ്കളിക്കുമിടെ പെണ്‍കുട്ടിയുടെ പിതാവിനെ ഇവര്‍ മണ്‍വെട്ടിയുമായി ആക്രമിച്ചു. ജിഷ്ണുവിന്റെ സഹോദരന്‍ ജിജിനാണ് മണ്‍വെട്ടികൊണ്ട് രാജുവിനെ അടിച്ചു വീഴിച്ചത്. തലയ്ക്ക് അടിയേറ്റ രാജു നിലത്തുവീണു. ഇതിനു പിന്നാലെ നാലുപേരും ചേര്‍ന്ന് രാജുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയതോടെ ഇവര്‍ ഇവിടെനിന്നു രക്ഷപ്പെട്ടു. രാജുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിവരമറിഞ്ഞ് പൊലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മര്‍ദ്ദനമേറ്റ രാജു തല്‍ക്ഷണം മരിച്ചെന്നാണു വിവരം. മുന്‍പ് വിദേശത്തായിരുന്ന രാജു, പിന്നീട് ജോലി ഉപേക്ഷിച്ച് നാട്ടില്‍ വന്ന് സ്ഥിര താമസമാക്കിയതായിരുന്നു.