പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് താരപത്‌നി സുപ്രിയ മേനോന്‍. അച്ഛന്‍ മരിച്ചതിന് ശേഷമുള്ള ജന്മദിനങ്ങള്‍ ആഘോഷിക്കുന്നത് ഏറെ വേദനാജനകമായ ഒന്നാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് പകച്ചു നില്‍ക്കുന്ന കുഞ്ഞിനെപ്പോലെയാണ് താനെന്നും സുപ്രിയ പറയുന്നു. ആശംസകള്‍ പങ്കുവച്ചവര്‍ക്ക് നന്ദിയോടൊപ്പം പൃഥ്വിരാജ് സുഖം പ്രാപിച്ചു വരുന്നുവെന്നും സുപ്രിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു
”എന്റെ പിറന്നാളിന് ആശംസ അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സ്നേഹം നിറഞ്ഞ വാക്കുകള്‍ എനിക്ക് പ്രോത്സാഹനവും പ്രചോദനവുമാണ്. കുടുംബത്തോടൊപ്പം വലിയ ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയ ഒരു പിറന്നാള്‍ ദിനമായിരുന്നു ഇത്. അച്ഛനില്ലാതെ ഒരു പിറന്നാള്‍ ആഘോഷിക്കുന്നത് എനിക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അച്ഛന്‍ കടന്നുപോയിട്ട് കഴിഞ്ഞ ഒന്നര വര്‍ഷം കഠിനമായിരുന്നു. അച്ഛന്‍ പോയതിനു ശേഷമുള്ള എന്റെ രണ്ടാമത്തെ ജന്മദിനമാണിത്. തിരക്കിനിടയില്‍ മാതാപിതാക്കളുടെ കൈവിട്ടു പകച്ചുനില്‍ക്കുന്ന ഒരു കുഞ്ഞിനെപ്പോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്.
എന്റെ ദുഃഖത്തെ ധൈര്യപ്പൂര്‍വം നേരിടാനും വേദനയിലൂടെ പുഞ്ചിരിക്കാന്‍ പഠിക്കാനും കഴിയുന്ന ഒരു വര്‍ഷമാകും വരാനിരിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു. പൃഥ്വി സുഖം പ്രാപിച്ചുവരികയാണ്. പൂര്‍ണ ആരോഗ്യത്തിലേക്കുള്ള മടക്കയാത്രയിലാണിപ്പോള്‍ പൃഥ്വി. നിങ്ങളുടെ ഏവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി.”-സുപ്രിയ മേനോന്‍ പറഞ്ഞു.