പൂനെ: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ആഗ്രഹം ദേശീയനേതാവാകാനെന്നും അതിനായി ബിആര്‍എസിനെ തെലങ്കാനയ്ക്കു പുറത്തേക്കു വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍സിപി നേതാവ് അജിത് പവാര്‍. ബിആര്‍എസിന്റെ അടിത്തറ മഹാരാഷ്ട്രയിലേക്കു വ്യാപിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണ്. എന്നാല്‍ ശ്രമം വലുതായി വിജയിക്കില്ലെന്നും അജിത് പവാര്‍ പറഞ്ഞു. സമാനമായ ശ്രമങ്ങള്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ മായാവതിയും മുലായം സിങ് യാദവും നടത്തിയിട്ടുണ്ടെന്നും എന്നാല്‍ വിജയിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘തെലങ്കാന മുഖ്യമന്ത്രിയാണു കെസിആര്‍. ഇവിടെ ആരാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയെ നയിക്കാന്‍ പോകുന്നത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോള്‍ പരസ്യങ്ങള്‍ക്കും ബാനറുകള്‍ക്കും മേല്‍ പണം ചെലവഴിക്കുകയാണ്. എവിടെ നിന്നാണ് ഈ പണം വരുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കണം’ – അജിത് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ബിആര്‍എസിന്റെ പരസ്യബോര്‍ഡ് ചൂണ്ടിയായിരുന്നു അജിത് പവാറിന്റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എന്നിവരുടെ പരസ്യത്തിനെതിരെ ബിജെപിക്കും ശിവസേനയ്ക്കും എതിരെ കഴിഞ്ഞ മാര്‍ച്ചില്‍ മഹാരാഷ്ട്രയില്‍ നടത്തിയ പരിപാടിയില്‍ കെസിആര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.
അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയും കര്‍ഷകരെ കയ്യിലെടുക്കാന്‍ ശ്രമിച്ചും മഹാരാഷ്ട്രയിലേക്കു ബിആര്‍എസിന്റെ വേരുകള്‍ ആഴ്ത്താനാണു ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നത്. 24 മണിക്കൂറും സൗജന്യ വൈദ്യുതി, കര്‍ഷകര്‍ക്കു നിക്ഷേപങ്ങള്‍ക്കായി ഓരോ ഏക്കറിനും 10,000 രൂപ നല്‍കണം, തെലങ്കാനയെ പോലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ വാങ്ങണമെന്നും അതിനായി കേന്ദ്രങ്ങള്‍ തുറക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കെസിആര്‍ ഉന്നയിച്ചിരുന്നു.