കര്‍ണാടക: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. 3.27 ലക്ഷം കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്. നിര്‍മ്മിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ 20 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബിയറിന്റെ അധിക എക്സൈസ് തീരുവ 175 ശതമാനത്തില്‍ നിന്ന് 185 ശതമാനമായി ഉയര്‍ത്തും. 2023-2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
അഞ്ച് പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ ചെലവഴിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 1.3 കോടി ജനങ്ങള്‍ക്കാണ് ഇത് ഗുണകരമാകുമെന്നാണ് സര്‍ക്കാരിന്റെ വാദം. എല്ലാ വീട്ടിലും 200യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹ ജ്യോതി. കുടുംബ നാഥകള്‍ക്ക് മാസം തോറും 2000 രൂപ നല്‍കുന്ന ഗൃഹ ലക്ഷ്മി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 10 കിലോ അരി നല്‍കുന്ന അന്ന ഭാഗ്യ. ബിരുദദാരികളായ യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് മാസം തോറും 3000 രൂപയും തൊഴില്‍രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500രൂപയും നല്‍കുന്ന യുവനിധി. സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്ര എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
സദാചാര ഗുണ്ടായിസവും വര്‍ഗീയ വത്കരണത്തിനെതിരേയും ശകത്മായ നടപടി സര്‍ക്കാര്‍ നടപ്പാക്കും. ഇതിലൂടെ ക്രമസമാധാനപാലനത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. സദാചാര ഗുണ്ടായിസം നടത്തി ആളുകളെ ഉപദ്രവിക്കുന്നവര്‍ക്കെതിരേയും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ നല്‍കി സമൂഹത്തിന്റെ ഐക്യം തകര്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. 14 ബജറ്റുകള്‍ അവതരിപ്പിച്ച് ധനമന്ത്രിയെന്ന നിലയില്‍ സിദ്ധരാമയ്യ പുതിയ റെക്കോഡ് സൃഷ്ടിച്ചു.