തിരുവനന്തപുരം: അമിത ചാര്‍ജ്ജ് ഈടാക്കുന്ന അന്തര്‍ സംസ്ഥാന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അമിത ചാര്‍ജ് ഈടാക്കുന്ന ബസ്സുകളെ നിയന്ത്രിക്കും. യാത്രക്കാരെ ബാധിക്കുമെന്ന ആശങ്ക കൊണ്ടാണ് കര്‍ശന നടപടി എടുക്കാത്തതെന്നും മന്ത്രി പറഞ്ഞു. പരിധിക്ക് അപ്പുറത്തേക്ക് ചൂഷണം നടത്തിയാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലമായതോടെ അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസ്സുകള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതായി റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.
ബംഗളൂരു, ചെന്നൈ റൂട്ടുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലേറെയാണ് വര്‍ദ്ധന. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നിയമമില്ലാത്തതാണ് ടൂറിസ്റ്റ് ബസ്സ് ഉടമകള്‍ക്ക് തുണയാകുന്നത്. ഉത്സവകാലങ്ങളിലെ അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ പതിവ് കൊള്ളക്ക് ഈ തവണയും മാറ്റമില്ല. ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഇരുട്ടടിയാണ് ടിക്കറ്റ് നിരക്കിലെ ഈ വര്‍ദ്ധനയെന്ന യാഥാര്‍ത്ഥ്യം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.
റെയില്‍വേക്കെതിരെയും മന്ത്രി ആന്റണി രാജു രംഗത്തെത്തി. ബാംഗ്ലൂര്‍ – ചെന്നൈ റൂട്ടുകളിലെ യാത്രാ പ്രശ്‌നത്തില്‍ റെയില്‍വേയുടേത് കുറ്റകരമായ അനാസ്ഥയാണ്. ഉത്സവകാലങ്ങളില്‍ റെയില്‍വെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നില്ല. ചില ട്രെയിനുകളില്‍ ടിക്കറ്റ് ലഭിക്കുന്നില്ല. റെയില്‍വേ കൃത്യമായി ടിക്കറ്റ് ലഭ്യമാക്കുന്നില്ല. ഈ കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രിക്ക് കത്ത് അയയ്ക്കും.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇടപെടലാണ് യാത്രക്കാര്‍ക്ക് ആശ്വാസം. നാളെ മുതല്‍ ബംഗളൂരുവിലേക്ക് രണ്ട് ഹൈബ്രിഡ് ബസ്സുകള്‍ ഓടി തുടങ്ങും. ഒരു എസി, ഒരു നോണ്‍ എസി ബസ് ആണ് ഓടിക്കുക. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ സ്വിഫ്റ്റ് ബസുകള്‍ ഓടിക്കും. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ട്. ആവശ്യത്തിന് വണ്ടികള്‍ ഇല്ലാത്തതാണ് പ്രശ്‌നമെന്നും മന്ത്രി വ്യക്തമാക്കി.