ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ടിന് പ്രഫഷനല്‍ ഫുട്ബാളേഴ്‌സ് അസോസിയേഷന്റെ (പി എഫ് എ) പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് ഹാളണ്ടിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് മാത്രമായി 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ ഹാളണ്ട് നേടിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു സീസണിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍ നേട്ടമാണിത്.
സീസണിലാകെ 53 മത്സരങ്ങള്‍ സിറ്റിക്കായി കളിച്ച ഹാളണ്ട് 52 തവണ ഗോളുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ തവണ മാഞ്ചസ്റ്റര്‍ സിറ്റി ട്രബിള്‍ നേട്ടവും സ്വന്തമാക്കിയിരുന്നു. ചരിത്രത്തിലാദ്യമായാണ് സിറ്റി ട്രബിള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗ്, എഫ് എ കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങളാണ് കഴിഞ്ഞ സീസണില്‍ സിറ്റി സ്വന്തമാക്കിയത്.
മുമ്പ് പ്രീമിയര്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരവും ഹാളണ്ടിനായിരുന്നു. ഫുട്ബാള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ പുരുഷ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഹാളണ്ട് നേടിയിട്ടുണ്ട്. പിഎഫ്എയുടെ വനിത പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആസ്റ്റണ്‍ വില്ലയുടെ സ്‌ട്രൈക്കര്‍ റേചല്‍ ഡാലി സ്വന്തമാക്കി. വനിത സൂപ്പര്‍ ലീഗില്‍ 22 ഗോളുകളുമായി റേചല്‍ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതായിരുന്നു. ചെല്‍സിയുടെ വനിത താരം ലോറണ്‍ ജെയിംസിനെ ആണ് യങ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.