ഹോളിവുഡില്‍ പ്രതിസന്ധി നിലനില്‍ക്കെ ഈ വര്‍ഷത്തെ എമ്മി പുരസ്‌കാര പരിപാടി മാറ്റിവെച്ചേക്കുമെന്ന് യു എസ് മാധ്യമങ്ങള്‍. ഓസ്‌കറിന് തുല്യമായ പ്രശസ്ത ടെലിവിഷന്‍ പുരസ്‌കാര ചടങ്ങാണ് എമ്മി. സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടി ജനുവരിയിലേക്ക് മാറ്റിവെച്ചു.
നിര്‍മ്മാതാക്കളും ഇവന്റുമായി ബന്ധപ്പെട്ട മറ്റുള്ളവരുമാണ് പരിപാടി മാറ്റിവെച്ചതായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്ന്, വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം ഷോയുടെ പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ഒരു ഉറവിടം എഎഫ്പിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ഹോളിവുഡിലെ അഭിനേതാക്കളും എഴുത്തുകാരും നടത്തുന്ന പണിമുടക്ക് തുടരുകയാണ്. ചടങ്ങ് നടക്കുന്ന സമയത്തും സമരം തുടരുകയാണെങ്കില്‍ താരങ്ങള്‍ക്ക് എമ്മിയില്‍ പങ്കെടുക്കാന്‍ കഴിയാതെ വരും. ഇത് പരിപാടിയെ ബാധിക്കുമെന്നതിനാലാണ് തീയതി മാറ്റിവെയ്ക്കുന്നത്. മാത്രമല്ല, അവതാരകര്‍ക്ക് വേണ്ടിയുള്ള സ്‌ക്രിപ്റ്റും മോണോലോ?ഗും എഴുതുന്നവരും സമരത്തില്‍ തന്നെയാണ്.
2001-ല്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അവസാനമായി എമ്മി ചടങ്ങ് മാറ്റിവെയ്ക്കുന്നത്. റിയാലിറ്റി-ഗെയിം ഷോകള്‍ പോലെയുള്ള പരിപാടികള്‍ ഒഴികെ എല്ലാ ഹോളിവുഡ് സിനിമകളുടെയും ടെലിവിഷന്‍ പ്രൊഡക്ഷനുകളുടെയും പ്രവര്‍ത്തനം നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് യൂണിയന്‍. ശമ്പളക്കുറവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഡസ്ട്രിയില്‍ ഭീഷണിയാകുന്നതുമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യൂണിയനുകള്‍ സമരത്തിലിരിക്കുന്നത്.