തിരുവനന്തപുരം: സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി. ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ചില സ്ഥലങ്ങളില്‍ സാധനങ്ങള്‍ വേഗത്തില്‍ തീര്‍ന്ന് പോകുന്നതിനാലാണ് ചിലയിടത്ത് സാധനങ്ങള്‍ കിട്ടാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ല രീതിയിലുള്ള വില്‍പ്പനയാണ് ഉണ്ടാകുന്നത്. ഫലപ്രദമായ പൊതുവിതരണ സമ്പ്രദായമാണ് കേരളത്തിലുള്ളത്. 1600ല്‍ പരം സപ്ലൈകോ ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. പ്രതിമാസം 40 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളാണ് സപ്ലൈകോയില്‍ നിന്നും സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നത്. നിക്ഷിപ്ത താല്‍പര്യക്കാരുടെ നിര്‍ബന്ധമാണ് ഈ രംഗത്ത് ഒന്നും നടക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കുന്നത്. അവമതിപ്പുണ്ടാക്കി വലിയ രീതിയിലുള്ള കുപ്രചരണം അഴിച്ചുവിടുകയാണ്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇകഴ്ത്തി കാണിക്കുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം, മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണ ഓണം ഫെയര്‍ ഒരുക്കിയിട്ടുള്ളതെന്നും ഏറ്റവും കുറഞ്ഞ വിലക്കയറ്റ തോത് നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വില വര്‍ദ്ധന നിയന്ത്രിക്കാനുള്ള ശ്രമം രാജ്യത്ത് നടന്നില്ലെന്നും കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങള്‍ക്ക് വേണ്ടി നിരവധി ഇടപെടലുകളാണ് സപ്ലൈകോയിലൂടെ നടത്തുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും പറഞ്ഞു. ഓരോ ഔട്ട്ലെറ്റുകള്‍ പരിശോധിച്ചാല്‍ അഭിമാനിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ നാല് ദിവസം സപ്ലൈകോയുടെ വില്‍പ്പന കൂടി വരുന്നു. ഇത് വ്യക്തമാക്കുന്നത് കേരളത്തിലെ ജനങ്ങള്‍ സപ്ലൈക്കോയെ ആശ്രയിക്കുന്നു എന്നതാണ്. ഇതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.