ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 52 കോടിയുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടിയത്.
കേസില്‍ കൂട്ടുപ്രതികളായ അമന്‍ദീപ് സിങ്, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര തുടങ്ങിയവരുടെ സ്വത്തും കണ്ടുകെട്ടി. സിസോദിയയുടെയും ഭാര്യ സീമയുടെയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 11 ലക്ഷവും കണ്ടുകെട്ടിയതില്‍ പെടും.
മനീഷ് സിസോദിയയുമായി ബന്ധമുള്ള ഡല്‍ഹി വ്യവസായി ദിനേഷ് അറോറയെ അറസ്റ്റ് ചെയ്ത തൊട്ടടുത്ത ദിവസമാണ് സ്വത്ത് കണ്ടുകെട്ടലുമായി ഇഡി രംഗത്തിറങ്ങിയത്. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
വിവാദ മദ്യനയക്കേസില്‍ മാര്‍ച്ച് ഒന്‍പതിനാണ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2021 നവംബറിലാണ് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മദ്യനയം നടപ്പിലാക്കിയത്. ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ മദ്യനയം പിന്‍വലിച്ചിരുന്നു.