ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ എട്ടുവരിപ്പാതയുടെ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ‘എന്‍ജിനീയറിങ് അദ്ഭുതം: ദ്വാരക എക്‌സ്പ്രസ്’ എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) ഗഡ്കരി വീഡിയോ പങ്കുവച്ചത്. വീതിയേറിയ റോഡുകളും വളഞ്ഞുപുളഞ്ഞു പോകുന്ന മേല്‍പ്പാലങ്ങളും കൊണ്ടു മനോഹരമാണ് പുതിയ പാത.
ഭാവിയിലേക്കുള്ള അത്യാധുനിക യാത്രയാണ് ഇതെന്നും മന്ത്രി വിശേഷിപ്പിച്ചു. ആകെ 563 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ദ്വാരക എക്‌സ്പ്രസ്വേ. ദേശീയപാത 8ല്‍ ശിവ മൂര്‍ത്തിയില്‍ ആരംഭിക്കുന്ന പാത ഗുരുഗ്രാമിലെ ഖേര്‍കി ദൗള ടോള്‍ പ്ലാസയിലാണ് അവസാനിക്കുന്നത്. 1,200 മരങ്ങള്‍ പറിച്ചുനട്ട ഇന്ത്യയിലെ ആദ്യ റോഡ് പദ്ധതിയാണെന്ന മികവുമുണ്ട്.
എല്ലായിടത്തും പണി പൂര്‍ത്തിയായാല്‍ ഡല്‍ഹി-ഹരിയാന യാത്ര സുഗമമാകും. ദ്വാരകയില്‍നിന്ന് മനേസറിലേക്ക് 15 മിനിറ്റ് മതി. മനേസര്‍- ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം 20 മിനിറ്റ്, ദ്വാരക- സിംഘു അതിര്‍ത്തി 25 മിനിറ്റ്, മനേസര്‍- സിംഘു അതിര്‍ത്തി 45 മിനിറ്റ് എന്നിങ്ങനെയാകും യാത്രാസമയം. ദ്വാരകയിലെ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള കണക്ടിവിറ്റിയും മെച്ചപ്പെടും.
എക്‌സ്പ്രസ്വേയുടെ ഇരുവശത്തും മൂന്നുവരി സര്‍വീസ് റോഡുകളുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പ്രത്യേക എന്‍ട്രി പോയിന്റുകള്‍ നിര്‍മിച്ചു. 2 ലക്ഷം ടണ്‍ സ്റ്റീലാണ് എക്‌സ്പ്രസ്വേയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചത്; ഈഫല്‍ ടവറില്‍ ഉപയോഗിച്ചതിനേക്കാള്‍ 30 മടങ്ങ് അധികം. 20 ലക്ഷം ക്യുബിക് മീറ്റര്‍ സിമന്റ് കോണ്‍ക്രീറ്റും വേണ്ടിവന്നു. ബുര്‍ജ് ഖലീഫയേക്കാള്‍ ആറിരട്ടിയാണ് ഇതെന്നും വിഡിയോയില്‍ പറയുന്നു.