ന്യൂഡല്‍ഹി: മണിപ്പുരില്‍ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുടെ മൊഴിയെടുക്കരുതെന്നു സിബിഐയോടു സുപ്രീം കോടതി. ഉച്ചയ്ക്കു കോടതി കേസ് പരിഗണിക്കുന്നതു വരെ മൊഴിയെടുക്കരുത് എന്നാണു നിര്‍ദേശം. കലാപത്തിനിടെ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിലാണു കോടതിയുടെ ഇടപെടല്‍.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണു വിഷയത്തില്‍ മൊഴിയെടുക്കാന്‍ സിബിഐ കാത്തിരിക്കണമെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു വാക്കാല്‍ നിര്‍ദേശിച്ചത്. കോടതിയുടെ നിര്‍ദേശം സിബിഐക്കു കൈമാറാമെന്നു തുഷാര്‍ മേത്ത അറിയിച്ചു. മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമത്തിനു ബംഗാള്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ സമീപകാലത്തു നടന്നവയുമായി താരതമ്യമില്ലെന്നു സുപ്രീം കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിന്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോടതി സ്വമേധയാ വിഷയം പരിഗണിക്കുന്നതിടെ, കേരളത്തില്‍ ഉള്‍പ്പെടെ മറ്റിടങ്ങളിലും വനിതകള്‍ക്കെതിരെ സമാന അക്രമം ഉണ്ടായെന്ന് ബിജെപി ഡല്‍ഹി ലീഗല്‍ സെല്‍ കോ-കണ്‍വീനറും മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളുമായ ബാംസുരി സ്വരാജ് ചൂണ്ടിക്കാട്ടി. അപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.