ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതുതായി രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിന് പകരം ഡല്‍ഹിയെക്കുറിച്ച് ചിന്തിക്കൂ എന്ന് പ്രതിപക്ഷത്തോട് അമിത് ഷാ പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്രത്തിന് അനുമതി നല്‍കുന്ന ബില്ലിനെ അനുകൂലിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഖ്യത്തിലാണെന്ന കാരണത്താല്‍ ഡല്‍ഹിയില്‍ നടക്കുന്ന എല്ലാ അഴിമതികളെയും പിന്തുണയ്ക്കരുതെന്ന് പാര്‍ട്ടികളോട് അഭ്യര്‍ഥിക്കുന്നതായി അമിത് ഷാ പറഞ്ഞു. സഖ്യം രൂപവത്കരിച്ചാലും നരേന്ദ്ര മോദി തന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. തലസ്ഥാനവുമായി ബന്ധപ്പെട്ട് ഏത് വിഷയത്തിലും നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്ന സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് ഓര്‍ഡിനന്‍സ്. ഇത്തരം നിയമങ്ങളില്‍ മാറ്റംവരുത്താന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2015-ല്‍ ഡല്‍ഹിയില്‍ അധികാരത്തില്‍വന്ന പാര്‍ട്ടിക്ക് ബി.ജെ.പിക്കെതിരെ പോരാടുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അവകാശം ലഭിക്കാത്തതല്ല ഇവരുടെ പ്രശ്‌നം. മറിച്ച് തങ്ങളുടെ അഴിമതികള്‍ മറച്ചുപിടിക്കാന്‍ ആവശ്യമായ വിജിലന്‍സ് വകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ്. ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സി രാജഗോപാലാചാരി, രാജേന്ദ്ര പ്രസാദ്, ബി.ആര്‍ അംബേദ്കര്‍ എന്നിവര്‍ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതിന് എതിരായിരുന്നുവെന്നും അമിത് ഷാ അവകാശപ്പെട്ടു.