തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്കെതിരായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്.
പിഞ്ചുകുഞ്ഞുങ്ങളെ മരണത്തില്‍ നിന്നും രക്ഷിക്കാനും ഗുരുതര രോഗാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനുമുള്ള നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ‘ഹൃദ്യം’. Congenital heart disease അഥവാ ജന്മനായുള്ള ഹൃദ്രോഗങ്ങളെ സൗജന്യമായി ചികിത്സിച്ച് ഭേദമാക്കാനുള്ള പദ്ധതിയാണിത്. ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ എട്ടോ ഒന്‍പതോ പേര്‍ ജന്മനാ ഹൃദയ വൈകല്യങ്ങള്‍ ഉള്ളവരാണ്. ജനിച്ച് മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിലോ ശസ്ത്രക്രിയ നടത്തി പരിഹരിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു പോകുന്ന ഗുരുതര രോഗങ്ങളുമുണ്ട്. ശ്വാസതടസം മൂലം അമ്മയുടെ നെഞ്ചിലെ മുലപ്പാല്‍ പോലും നുകരാന്‍ കഴിയാതെ മരണത്തിലേക്ക് പോകുന്ന കുഞ്ഞുങ്ങളുമുണ്ട്. കൂടുതല്‍ ആര്‍ദ്രതയോടെ കരുത്തോടെ ആ കുരുന്നു ജീവനുകള്‍ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കും. ആ കുരുന്നു നാളങ്ങള്‍ അണയാതെ കഴിയുന്നത്ര സംരക്ഷിക്കും- മന്ത്രി കണക്കുകള്‍ നിരത്തി വ്യക്തമാക്കി.
ഒരു കുഞ്ഞിന് ഇന്റര്‍വെന്‍ഷന്‍ ആവശ്യമായുള്ള ഹൃദയ വൈകല്യമുണ്ടെന്ന് കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ക്ക് ഹൃദ്യത്തില്‍ രജിസ്റ്റര്‍ ചെയ്യാം. എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ഏത് ആശുപത്രി വേണമെന്ന് മാതാപിതാക്കള്‍ക്ക് തെരഞ്ഞെടുക്കാം. ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രിയും സ്വകാര്യ ആശുപത്രിയുമുണ്ട്.
ഹൃദ്യത്തിലൂടെ പ്രൊസീജിയര്‍ നടത്തിയ കുഞ്ഞുങ്ങള്‍ക്കുള്ള തുടര്‍ ഫോളോഅപ്പ് ചികിത്സകളും സൗജന്യമായി നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടു. ഇതിലൂടെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്.
ഇന്റര്‍വെഷന്‍ ആവശ്യമായി വരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ശാക്തീകരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് ഹൃദ്യത്തിന്റെ തുടക്കത്തില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്തെ ഈ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വളരെ വളരെ മുമ്പേ സര്‍ക്കാര്‍ ആരംഭിക്കുകയും തുടര്‍ന്നു പോരുകയും ചെയ്യുന്നതാണ്. വ്യാജ വാര്‍ത്തകള്‍ നല്‍കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് മന്ത്രി പറഞ്ഞു. മീഡിയ ആക്ടിവിസം അല്ല മീഡിയ വാന്‍ഡലിസം ആണിത്. പിഞ്ച് കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് വ്യാജ വാര്‍ത്ത നല്‍കിയാല്‍ പേടിച്ചോടുമെന്നും കരുതേണ്ട- വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.