ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി വി.സെന്തില്‍ ബാലാജി കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടെന്ന ആരോപണവുമായി മന്ത്രി പി.കെ.ശേഖര്‍ ബാബു ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ സെന്തില്‍ ബാലാജി മര്‍ദ്ദനത്തിന് ഇരയായതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ശേഖര്‍ ബാബു മാധ്യമങ്ങളോടു പറഞ്ഞു. സെന്തില്‍ ബാലാജി അബോധാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ പേരു വിളിച്ചിട്ടും പ്രതികരിച്ചില്ലെന്നും ശേഖര്‍ ബാബു വിശദീകരിച്ചു. അതിനിടെ, മന്ത്രിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഡിഎംകെ ആരോപിച്ചു. കേസിനെ നേരിടുന്നതു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിയമവിദഗ്ധരുടെ യോഗം വിളിച്ചു.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, മന്ത്രിമാരായ ശേഖര്‍ ബാബു, ഉദയനിധി സ്റ്റാലിന്‍, എം.സുബ്രഹ്‌മണ്യന്‍, ഇ.വി.വേലു തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ചു. ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയിലേക്കു മാറ്റുമ്പോള്‍ അദ്ദേഹം പൊട്ടിക്കരയുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
”നിലവില്‍ ഐസിയുവിലുള്ള സെന്തില്‍ ബാലാജി അബോധാവസ്ഥയിലാണ്. ഞങ്ങള്‍ േപരു വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഡോക്ടര്‍മാര്‍ ആരോഗ്യനില കൃത്യമായി വിലയിരുത്തുന്നുണ്ട്. സെന്തില്‍ ബാലാജിയുടെ ചെവിക്കു സമീപം നീരുണ്ട്. ഇസിജിയിലും വ്യതിയാനമുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. അദ്ദേഹം ചോദ്യം ചെയ്യലിനിടെ പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ സ്പഷ്ടമാണ്’ – ശേഖര്‍ ബാബു പറഞ്ഞു.
സെന്തില്‍ ബാലാജിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന ആരോപണവുമായി ഡിഎംകെയുടെ രാജ്യസഭാ എംപിയും അഭിഭാഷകനുമായ എന്‍.ആര്‍.ഇളങ്കോ രംഗത്തെത്തി. ”തമിഴ്‌നാട് വൈദ്യുത മന്ത്രി വി.സെന്തില്‍ ബാലാജിയെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹത്തെ അവര്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹം അബോധാവസ്ഥയിലായിരുന്നുവെന്നാണു വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ അറസ്റ്റ് പൂര്‍ണമായും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇതിനെ ഞങ്ങള്‍ നിയമപരമായി നേരിടും’ – ഇളങ്കോ പറഞ്ഞു.
സെന്തില്‍ ബാലാജി ചികിത്സയിലാണെന്നു മന്ത്രി ഉദയനിധി സ്റ്റാലിനും വ്യക്തമാക്കി. അദ്ദേഹത്തിനെതിരായ നീക്കത്തെ ഞങ്ങള്‍ നിയമപരമായി നേരിടും. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വിരട്ടല്‍ രാഷ്ട്രീയം ഇവിടെ വിലപ്പോകില്ലെന്നും ഉദയനിധി വ്യക്തമാക്കി.
അതേസമയം, ഇന്നലെ വരെ യാതൊരു കുഴപ്പവുമില്ലാതിരുന്ന സെന്തില്‍ ബാലാജിക്ക് അറസ്റ്റിനു പിന്നാലെ നെഞ്ചുവേദനയുണ്ടായത് സംശയകരമാണെന്ന് അണ്ണാ ഡിഎംകെ നേതാവ് ഡി.ജയകുമാര്‍ ആരോപിച്ചു. ”ഇന്നലെ വരെ, സെന്തില്‍ ബാലാജിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഇഡി അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന് നെഞ്ചുവേദന തുടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കാന്‍ എയിംസില്‍നിന്ന് ഡോക്ടര്‍മാരെ കൊണ്ടുവരണം” – ജയകുമാര്‍ ആവശ്യപ്പെട്ടു.