നൂലുകെട്ട് മുതല്‍ വളക്കാപ്പ് വരെ എല്ലാം ഇന്നത്തെ കാലത്ത് ആഘോഷമാണ്. ജീവിതത്തിലെ ഏത് പ്രധാന ചുവടുവയ്പ്പും ഫോട്ടോഷൂട്ടുമായാണ് നാമിന്ന് കൊണ്ടാടുന്നത്. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ചറപറാ പോസ്റ്റ് ചെയ്യാനും ഇഷ്ടപ്പെടുന്നവരുണ്ട്. ഇത്തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നത്. ജസ്റ്റ് മാരീഡ് എന്നൊക്കെ പറയുന്നത് പോലെ ജസ്റ്റ് ഡിവോഴ്സ്ഡ് ഫോട്ടോഷൂട്ട് നടത്തിയ യുവതിയാണ് സമൂഹമാദ്ധ്യമങ്ങളിലെ താരം..
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഡിവോഴ്സ് സെലിബ്രേഷന്‍ ഫോട്ടോഷൂട്ട് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെന്നൈ സ്വദേശിയും ടെലിവിഷന്‍ താരവുമായ ശാലിനിയാണ് കക്ഷി. ഒരു പെണ്‍കുട്ടിയുടെ അമ്മ കൂടിയാണ് ശാലിനി. ഇവരുടെ രണ്ടാം വിവാഹ ബന്ധം തകര്‍ന്നതിന് പിന്നാലെയാണ് ഡിവോഴ്സ് ഫോട്ടോ ഷൂട്ട് നടത്തിയതെന്നാണ് വിവരം.
നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന വ്യക്തി അത് നിങ്ങള്‍ തന്നെയാകണമെന്ന് ശാലിനി പറയുന്നു. മോശം ദാമ്പത്യബന്ധമാണെങ്കില്‍ അത് വിട്ട് പോകുക എന്നുള്ളത് സാധാരണമായ കാര്യമാണ്. നിങ്ങള്‍ സന്തോഷവതിയായിരിക്കാന്‍ അര്‍ഹിക്കുന്നുവെന്ന് ഉറച്ചുവിശ്വസിക്കുക. ഡിവോഴ്സ് ഒരിക്കലും പരാജയത്തിന്റെ പ്രതീകമല്ല. നിങ്ങളുടെ ജീവിതത്തിലെ നല്ലതായ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ടര്‍ണിങ് പോയിന്റാണെന്നും ശാലിനി പറഞ്ഞു. ഇന്‍സ്ര്റഗ്രാം പോസ്റ്റിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം.