തിരുവനന്തപുരം: ഐടി പാര്‍ക്കുകളിലെ ജീവനക്കാര്‍ക്ക് വിനോദവേളകളില്‍ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ വീണ്ടും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ ചില നിര്‍ദേശങ്ങളില്‍ എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് മാറ്റങ്ങള്‍ വരുത്തി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നത്. ഐടി പാര്‍ക്കുകളില്‍ ഈ വര്‍ഷം തന്നെ മദ്യം വിതരണം ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ലൈസന്‍സ് ഫീസ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. 10 ലക്ഷംരൂപ ഫീസ് ഈടാക്കാമെന്നാണ് ഐടി വകുപ്പിന്റെ നിര്‍ദേശം. ക്ലബ്ബുകളുടേതുപോലെ 20 ലക്ഷം വേണമെന്നാണ് എക്‌സൈസ് നിര്‍ദേശം. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു മദ്യം വിതരണം ചെയ്യുന്നതിന് അനുമതി നല്‍കുമെന്ന നിര്‍ദേശത്തെയാണ് പ്രതിപക്ഷ എംഎല്‍എമാരായ കെ.ബാബുവും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിര്‍ത്തത്. ടെക്‌നോപാര്‍ക്കില്‍ അടക്കം ഓരോ ഐടി പാര്‍ക്കിലും നിരവധി കമ്പനികളുണ്ടെന്നും എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കിയാല്‍ മദ്യം ഒഴുകുമെന്നും എംഎല്‍എമാര്‍ വാദിച്ചു.
മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതി പാര്‍ക്കുകള്‍ക്കും പ്രധാന കമ്പനികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നു സര്‍ക്കാര്‍ പറയുന്നു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വാര്‍ഷിക വിറ്റുവരവുമുള്ള കമ്പനികള്‍ക്കായിരിക്കും നടത്തിപ്പിന് അനുമതി. പാര്‍ക്കിലെ ജീവനക്കാര്‍ക്കെല്ലാം ഈ കേന്ദ്രം ഉപയോഗിക്കാന്‍ കഴിയും. ബാര്‍ നടത്തിപ്പുകാര്‍ക്ക് ഐടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് അനുമതിയുണ്ടാകില്ല. ഇക്കാര്യം കമ്മിറ്റിയെ അറിയിക്കും.
ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കാനാണു തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പാര്‍ക്കുകളില്‍ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദ കേന്ദ്രത്തില്‍ മദ്യശാല സ്ഥാപിക്കാം. ബാറുകളുടെ പ്രവര്‍ത്തന സമയമായിരിക്കും ക്ലബ്ബുകള്‍ക്കും. മറ്റു ലൈസന്‍സികളെപോലെ ഐടി പാര്‍ക്കുകളിലെ ലൈസന്‍സികള്‍ക്കും ബവ്‌റിജസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍നിന്നു മദ്യം വാങ്ങി മദ്യശാലയില്‍ വിതരണം ചെയ്യാം. ജോലി സമയത്ത് ജീവനക്കാര്‍ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ട കമ്പനിയാണു തീരുമാനം എടുക്കേണ്ടത്. പുറത്തുനിന്നു വരുന്നവര്‍ക്കു മദ്യം വിതരണം ചെയ്യില്ല.