ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ അയോഗ്യരാകാതിരിക്കാന്‍ ശിക്ഷാവിധി നടപ്പാക്കുന്നത് തടയാമെന്ന് സുപ്രീംകോടതി. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് പരാമര്‍ശം.
ലക്ഷദ്വീപ് എംപിയായ മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതി നേരത്തെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. ഇതോടെ മുഹമ്മദ് ഫൈസല്‍ ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനായി. കവറത്തി സെഷന്‍സ് കോടതി വിധിക്കെതിരെ ഫൈസല്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ശിക്ഷാവിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. ഇത് ചോദ്യം ചെയ്താണ് കേസിലെ പരാതിക്കാരനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും സുപ്രീംകോടതിയെ സമീപിച്ചത്.
ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ് ആയിരുന്നു ശിക്ഷാവിധി സ്റ്റേ ചെയ്യുന്നതിനുള്ള കാരണമായി ഹൈക്കോടതി വിധിയില്‍ പറഞ്ഞത്. ശിക്ഷാവിധിക്കുള്ള സ്റ്റേ നീക്കിയാല്‍ സര്‍ക്കാരിന് സാമ്പത്തിക ചെലവുണ്ടാകുമെന്നുമാണ് വിധിയില്‍ ഹൈക്കോടതി സൂചിപ്പിച്ചത്. മുഹമ്മദ് ഫൈസര്‍ ഇപ്പോഴും പാര്‍ലമെന്റ് അംഗമാണെന്നും അദ്ദേഹം പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് തന്നെ വിടുന്നതാകും ഉചിതമെന്നും മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചു. ഹര്‍ജി ഓഗസ്റ്റ് 22ന് പരിഗണിക്കാന്‍ മാറ്റി.