കൊച്ചി: ആലുവ കൊലപാതക കേസില്‍ തെളിവു ശേഖരണത്തിന്റെ ഭാഗമായി നഗരസഭാ ഓഫീസില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത ഡിവിആറുമായി ബന്ധപ്പെട്ട് പൊലീസും നഗരസഭയും തമ്മില്‍ തര്‍ക്കം. ആലുവ ദേശീയപാതയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഥാപിച്ച 53 നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഡിവിആര്‍ ആണ് പൊലീസ് പിടിച്ചെടുത്തത്.
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുമായി പ്രതി അസ്ഫാക് ആലം കടന്ന് പോകുന്ന ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായായിരുന്നു പൊലീസ് നടപടി. കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവാണ് ഡിവിആറും ഇതിലെ ദൃശ്യങ്ങളും. എന്നാല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം ഡിവിആര്‍ മടക്കി നല്‍കണമെന്നാണ് നഗരസഭയുടെ വാദം.
25 ലക്ഷം രൂപ മുടക്കി ഒരു മാസം മുമ്പാണ് നഗരസഭ പുതിയ നൈറ്റ് വിഷന്‍ എച്ച്ഡി ക്യാമറകള്‍ സ്ഥാപിച്ചത്. ഡിവിആറിനു മാത്രം ഒന്നര ലക്ഷം രൂപ വില വരുമെന്നാണ് നഗരസഭ പറയുന്നത്. അതേസമയം, പുതിയ ഡിവിആര്‍ വാങ്ങി നല്‍കാനോ കസ്റ്റഡിയിലുള്ള ഡിവിആര്‍ നല്‍കാനോ പൊലീസും തയാറല്ല.