തിരുവനന്തപുരം: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോള്‍ ഫെയ്സ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചതായി രാമസിംഹന്‍ വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിനായി അയച്ച കത്തിലാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്.
ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പണ്ട് കുമ്മനം രാജശേഖരന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ച് മൊട്ടയടിച്ച താന്‍ ഇനി ആര്‍ക്കു വേണ്ടിയും മൊട്ടയടിക്കില്ലെന്നും തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് രാമസിംഹന്‍ പറഞ്ഞു. ഈ കുറിപ്പിന് താഴെയാണ് ബിജെപി വിട്ട കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
സംവിധായകന്‍ രാജസേനനയും നടന്‍ ഭീമന്‍ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സിനിമാ രംഗത്തുനിന്നുള്ള രാമസിംഹനും ബിജെപിയില്‍നിന്ന് രാജിവെച്ചത്.