തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സിപിഎമ്മിന്റേത് അശ്ലീല സെക്രട്ടറിയാണെന്നും എം.വി.ഗോവിന്ദന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യത കാണിക്കണമെന്നും സുധാകരന്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറഞ്ഞു. തലച്ചോറില്‍ അശ്ലീലം നിറഞ്ഞ ദേശാഭിമാനി ലേഖകനെ പോലെ ആവരുതെന്നും കമ്യൂണിസ്റ്റ് അടിമകളായ ഞരമ്പ് രോഗികള്‍ മാത്രമല്ല, മാന്യന്‍മാരും ചുറ്റിലുമുണ്ടെന്നും സുധാകരന്‍ കുറിപ്പില്‍ പറയുന്നു.
പൊലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാല്‍ ഉടന്‍ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലില്‍ വീഴുന്നൊരു പിണറായി വിജയനെ എം.വി. ഗോവിന്ദന് പരിചയമുണ്ടാകുമെന്നും ആ തുലാസും കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുതെന്നും സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.