തമിഴും തെലുങ്കും ഹിന്ദിയും കടന്ന് ഹോളിവുഡ് ആക്ഷന്‍ രാജാക്കന്മാരെ പോലും അമ്പരപ്പിച്ച ധനുഷ് എന്ന ‘ദ ഗ്രേ മാന്‍’. ഏത് കാലത്തിനും പ്രായത്തിനും ചേരുന്ന നടന്റെ ശാരീരിക വൈവിധ്യത്തെ ഒരിക്കല്‍ കളിയാക്കിയവരുണ്ടായിരുന്നു. അതിനാല്‍ തന്നെ തനിക്കിനി അഭിനയ ജീവിതം ഉണ്ടാകില്ല എന്നുപോലും ചിന്തിച്ചിരുന്ന ധനുഷ് ഇന്ന് ലോകം അറിയപ്പെടുന്ന നടനാണ്.
16-ാം വയസില്‍ അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ധനുഷ് സിനിമയിലെത്തുന്നത്. കസ്തൂരി രാജയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ‘തുള്ളുവതോ ഇളമൈ’യാണ് ധനുഷിന്റെ ആദ്യ ഹിറ്റ്. പ്രതീക്ഷിക്കാതെ ഉണ്ടായ വിജയം നടനെ സന്തോഷപ്പെടുത്തിയെങ്കിലും സിനിമ മാസിക വരെ നടനു നേരെ ബോഡി ഷെയ്മിങ് നടത്തി. സഹോദരന്‍ സെല്‍വരാഘവന്റെ സംവിധാനത്തിലാണ് ധനുഷ് പിന്നീട് മറ്റൊരു ഹിറ്റൊരുക്കിയത്. ‘കാതല്‍ കൊണ്ടേന്‍’ എന്ന ചിത്രമായിരുന്നു അത്. പന്നീട് ‘പുതുപ്പേട്ടൈ’, ‘പൊല്ലാതവന്‍’, ‘യാരടി നീ മോഹിനി’ എന്നിങ്ങനെ വിജയ ചിത്രങ്ങളില്‍ ധനുഷ് ഭാഗമായി.
2011-ല്‍ പുറത്തിറങ്ങിയ ‘ആടുകളം’ ആണ് നടന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. മികച്ച നടനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനെന്ന് ഖ്യാതിയും ധനുഷിന് മാത്രമുള്ളതാണ്. ‘മയക്കം എന്ന’, ‘തീ’ എന്നിങ്ങനെ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. 2013-ലാണ് ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റം. ‘രാഞ്ജാന’ എന്ന ചിത്രത്തില്‍ നായകനായപ്പോള്‍ സൗന്ദര്യമില്ല എന്ന കളിയാക്കലും നടന്‍ നേരിട്ടിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം പുഞ്ചിരിയോടെ നേരിട്ട ധനുഷ് പിന്നെയും യാത്ര തുടര്‍ന്നു.
ഒരു നടനായി മാത്രമല്ല, പാട്ടുകാരനായും എഴുത്തുകാരനായും നിര്‍മ്മാതാവായും സംവിധായകനായും ധനുഷ് കഴിവ് തെളിയിച്ചിട്ടുണ്ട്. ത്രീ എന്ന സിനിമയ്ക്ക് വേണ്ടി അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ ധനുഷ് എഴുതി പാടിയ ”വൈ ദിസ് കൊലവെറി…” എന്ന ഗാനം യൂട്യൂബില്‍ 100 മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ഗാനമായി.
2014-ല്‍ പുറത്തിറങ്ങിയ ‘വേലയില്ല പട്ടാദാരി’ മിഡില്‍ ക്ലാസ് യുവാക്കളെ സ്വാധീനിക്കുന്നതായിരുന്നു. തമിഴ് സിനിമയില്‍ ഏറ്റവും കൂടതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന സിനിമയായി വിഐപി മാറി. സിനിമയുടെ വിജയം സീക്വലിനും വഴിവെച്ചു. 2018-ലെ ‘ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദ ഫക്കീര്‍’ ആയിരുന്നു ധനുഷിന്റെ മറ്റൊരു ഹോളിവുഡ് ചിത്രം.
ആക്ഷന്‍ സിനിമകള്‍ക്കൊപ്പം കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകളേയും ഒരുപോലെ നടന്‍ പരിഗണിച്ചിട്ടുണ്ട്. 2019-ല്‍ പുറത്തിറങ്ങിയ ‘അസുരന്‍’ ധനുഷിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രമായിരുന്നു. ചിത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഒപ്പം ‘കര്‍ണനി’ലെ ധനുഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറും എന്‍ഡ്‌ഗെയിമും സംവിധാനം ചെയ്ത പ്രശസ്ത സംവിധായകരായ റൂസോ ബ്രദേഴ്‌സ് നിര്‍മ്മിച്ച ‘ദ ഗ്രേമാനി’ലൂടെ ധനുഷ് ഹോളിവുഡില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ സിനിമയില്‍ വളരെ അപൂര്‍വം നടന്മാര്‍ക്ക് ലഭിക്കുന്ന ഹോളിവുഡ് പ്രവേശനം തന്റെ പ്രയത്‌നം കൊണ്ട് ധനുഷ് സ്വന്തമാക്കി.