ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമിലും നൂഹിലും അക്രമമുണ്ടായതിനു പിന്നാലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ കെട്ടിടങ്ങള്‍ മാത്രം പൊളിക്കുന്നത് എന്താണെന്ന് കോടതി ചോദിച്ചു.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വംശീയ ഉന്മൂലനമല്ലെ നടത്തുന്നതെന്ന ചോദ്യവും ഉയരുന്നു. മുന്നറിയിപ്പോ നോട്ടിസോ നല്‍കാതെ ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കെട്ടിടങ്ങള്‍ പൊളിക്കുന്നത് പ്രതിവിധിയുടെ ഭാഗമാണെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞതും കോടതി ഉദ്ധരിച്ചു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് എത്ര കെട്ടിടങ്ങള്‍ പൊളിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ നൂഹിലെ ‘പൊളിക്കല്‍’ നടപടികള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. വര്‍ഗീയ സംഘര്‍ഷത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് നിര്‍ത്താന്‍ കോടതി ഉത്തരവിട്ടത്.
വര്‍ഗീയ സംഘര്‍ഷത്തിനു പിന്നാലെ നൂഹിലെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത് വിമര്‍ശനത്തിനു വഴിവച്ചിരുന്നു. നടപടി മുസ്ലിംകളെ ലക്ഷ്യംവച്ചുള്ളതാണെന്നും ആരോപണമുയര്‍ന്നു. വീടുകള്‍ തകര്‍ക്കപ്പെട്ടവരില്‍ പലരും തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് അവകാശപ്പെട്ടു. എന്നാല്‍, അനധികൃത നിര്‍മാണങ്ങള്‍ക്കും കൈയേറ്റത്തിനുമെതിരെ നടപടിയെടുക്കുകയാണെന്നും ഒരു വ്യക്തിയെയും ലക്ഷ്യം വച്ചിട്ടില്ലെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.