ന്യൂഡല്‍ഹി: കേസ് തെളിയിക്കാൻ പോലീസ് എന്ത് മാർഗവും സ്വീകരിക്കാറുണ്ട്. സ്ത്രീയുടെ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി മുങ്ങിനടന്ന മോഷ്ടാവിനെ കുടുക്കിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്.Delhi Police has trapped a thief who created a social media account in the name of a woman.
നിരവധി കേസുകളില്‍ പ്രതിയായ 45കാരന്‍ ബണ്ടിയാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. ഹെഡ് കോണ്‍സ്റ്റബിള്‍ ഓംപ്രകാശ് ദാകര്‍ ബണ്ടിയെ പിടികൂടാന്‍ പുതിയ പദ്ധതി അന്വേഷണ സംഘത്തിന് മുന്നില്‍ വെച്ചത്.
ഓംപ്രകാശ് ഒരു സ്ത്രീയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിക്കുകയും ബണ്ടിയുമായി ചാറ്റിങ് ആരംഭിക്കുകയുമായിരുന്നു.
തുടര്‍ന്ന് നേരില്‍ കാണാന്‍ പഞ്ചാബി ബാഗ് മെട്രോ സ്‌റ്റേഷനില്‍ എത്തണമെന്ന് ഇവര്‍ ബണ്ടിയോട് ആവശ്യപ്പെട്ടു. ജൂലൈ ഏഴിനാണ് കൂടിക്കാഴ്ച തീരുമാനിച്ചത്. മെട്രോ സ്‌റ്റേഷനില്‍ എത്തിയ ബണ്ടിയെ സ്ഥലത്ത് കാത്തിരുന്ന അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
ഇയാളുടെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം മോഷണ കേസുകളും പിടിച്ചുപറി കേസുകളുമുണ്ട്.
തിലക് നഗറില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍, 2013 ജൂണില്‍ ബണ്ടിയെ കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബണ്ടി ഒളിവില്‍ പോയതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ മനോജ് കുമാര്‍ മീന പറഞ്ഞു.
ബണ്ടിയെ കണ്ടെത്താന്‍ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അടിക്കടി താമസവും ഫോണ്‍ നമ്പറുകളും മാറുന്നത് അന്വേഷണത്തില്‍ വെല്ലുവിളിയാകുകയും ചെയ്തു.
ഇതിനിടെയാണ് ബണ്ടി ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ബണ്ടി ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും അന്വേഷണ സംഘം കണ്ടെത്തി.