ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ I.N.D.I.A ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രതിപക്ഷ സഖ്യത്തിലെ 26 കക്ഷികളും നോട്ടീസില്‍ വിശദീകരണം നല്‍കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചു.
I.N.D.I.A സഖ്യത്തിന്റെ ചുരുക്കപ്പേര് ചോദ്യം ചെയ്ത് ഡല്‍ഹി സ്വദേശി ഗിരിഷ് ഭരദ്വാജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചത്. സഖ്യത്തിന്റെ ചുരുക്കപ്പേരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഹര്‍ജിക്കാരന്‍ ജൂലൈ 19 ന് നല്‍കിയിരുന്നു. എന്നാല്‍ തിഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
I.N.D.I.A യ്ക്ക് ‘ഇന്ത്യ’ എന്ന ചുരുക്കപേര് ഉപയോഗിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനും സാധാരണക്കാരനില്‍ നിന്നും സഹതാപ വോട്ട് നേടാനും വേണ്ടിയാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. അത് പതുക്കെ രാഷ്ട്രീയ കലാപത്തിലേക്ക് വഴിവെച്ചേക്കാമെന്ന ആശങ്കയും ഹര്‍ജിക്കാരന്‍ ഉയര്‍ത്തി.