കൊല്‍ക്കത്ത: ജാദവ്പുര്‍ സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥി സ്വപ്നദിപ് കുണ്ടുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൂര്‍വ വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്തു. 2022ല്‍ എംഎസ്‌സി മാത്സ് പൂര്‍ത്തിയാക്കിയ സൗരഭ് ചൗധരിയാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ഇയാള്‍ മെയിന്‍ ഹോസ്റ്റലില്‍ താമസം തുടര്‍ന്നിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരുന്നതായും പൊലീസ് വ്യക്തമാക്കി.
സ്വപ്നദിപിന്റെ പിതാവ് രാംപ്രസാദ് കുണ്ടുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. നാദിയ ജില്ലയിലെ ബാഗുല സ്വദേശിയായ സ്വപ്നദിപ് ബുധനാഴ്ച രാത്രിയാണ് മെയിന്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണയില്‍നിന്ന് താഴേക്ക് വീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ് നടത്തി സ്വപ്നദിപിനെ പീഡിപ്പിച്ചതാണെന്ന് പിതാവ് പരാതിയില്‍ പറഞ്ഞിരുന്നു. സംശയമുള്ളവരുടെ കൂട്ടത്തില്‍ അറസ്റ്റിലായ സൗരഭിന്റെ പേരും ഉണ്ടായിരുന്നു. നേരത്തെ സ്വപ്നദിപിന്റെ ശരീരത്തില്‍ പലയിടങ്ങളിലായി മുറിവുകളുണ്ടെന്ന് ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച ബാഗുലയില്‍ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.