ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓരോ പൗരനും തുല്യരാണെന്നും എല്ലാവര്‍ക്കും ഒരേ അവസരവും അവകാശവും കടമയുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. ജാതി, വംശം, ഭാഷ എന്നീ നിലകളിലുള്ള വ്യക്തിത്വങ്ങളെക്കാള്‍ മുകളിലാണ് ഓരോരുത്തര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള വ്യക്തിത്വമെന്നും രാഷ്ട്രപതി പറഞ്ഞു. 77-ാം സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഇന്ന് രാജ്യത്തിന്റെ വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകള്‍ പങ്കാളികളാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍കൂടി കഴിയില്ലായിരുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് രാജ്യത്ത് പ്രത്യേക ശ്രദ്ധ ലഭിക്കുന്നുവെന്നതില്‍ സന്തോഷമുണ്ട്. സാമ്പത്തിക ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം ശക്തിപ്പെടുത്തും. രാജ്യത്തിന്റെ പെണ്‍മക്കള്‍ ഇനിയും മുന്നോട്ടുപോകണമെന്നാണ് തന്റെ ആഗ്രഹമെന്നും രാഷ്ട്രപതി പറഞ്ഞു.
ആഗോളതലത്തിലെ വിലക്കയറ്റം ഭയപ്പെടുത്തുന്നതാണന്നും എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ജനങ്ങളെ അമിത വിലക്കയറ്റത്തില്‍നിന്ന് സംരക്ഷിച്ചുനിര്‍ത്തിയെന്നും രാഷ്ട്രപതി പറഞ്ഞു. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
നമ്മുടെ ഐക്യത്തെ സ്വാതന്ത്ര്യദിനം ഓര്‍മപ്പെടുത്തുന്നു. നാം വലിയ ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. രാജ്യത്തിനായി ജീവത്യാഗം ചെയ്ത ഏവരേയും ഓര്‍ക്കുന്നതായും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.