ജയ്പുര്‍: രാജസ്ഥാനിലെ കരൗലിയില്‍ ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ദലിത് യുവതിയുടെ കൊലപാതകം സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും. അശോക് ഗെലോട്ട് സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
യുവതിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്കു മുന്‍പില്‍ ബിജെപി ധര്‍ണ നടത്തി. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജൂലൈ 12നാണ് 19 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് പൊലീസ് വ്യക്തമാക്കിയില്ല. വെടിയേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
പൊലീസിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് പെണ്‍കുട്ടിയുടെ മരണത്തിനു കാരണമെന്ന് ഇവരുടെ അമ്മ പറഞ്ഞു. ”പുലര്‍ച്ചെ മൂന്നുമണിയോടെ മൂന്നോ നാലോ പേരുടെ സംഘം ഞങ്ങളുടെ വീട്ടിലെത്തി. അവളുടെ വായ മൂടിക്കെട്ടിയാണ് അവര്‍ കൊണ്ടുപോയത്. ഞാന്‍ ഉറക്കെ നിലവിളിച്ചു. പക്ഷേ, അവര്‍ അവളെ കൊണ്ടുപോയി. ഞങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്കു പോയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ തയാറായില്ല. കേസ് കൊടുക്കാനുള്ള സാഹചര്യമില്ലെന്നും എന്നോട് അവിടെ നിന്നു പോകാനും അവര്‍ പറഞ്ഞു”- പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നു.
അതേസമയം കേസിലെ പ്രതികളില്‍ ഒരാളെ അറസ്റ്റു ചെയ്‌തെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ”ഈ കേസില്‍ പൊലീസിനു ചില തെളിവുകള്‍ ലഭിച്ചു. ഇരയുടെ അമ്മയോട് അവര്‍ക്ക് ആരെയെങ്കിലും സംശയമുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ഇതുവരെ ആരുടെയും പേര് പറഞ്ഞില്ല. എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.”- പൊലീസ് അറിയിച്ചു.
പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത ബിജെപി എംപി കിരോഡി ലാല്‍ മീണ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും ആവശ്യപ്പെട്ടു. .