അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയ് വാഹനത്തിൽ കയറാൻ പോകുന്നതിനിടെയാണ് സംഭവം. ആൾക്കൂട്ടത്തിൽ നിന്ന് ആരോ നടനെതിരെ ചെരുപ്പ് എറിയുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ് . ആരാണ് ഇതിന് പിന്നിൽ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേർന്നത്. വിജയിയും തന്റെ പ്രതിസന്ധിയിൽ താങ്ങായി, സിനിമയിൽ തനിക്കൊരു സ്ഥാനം നേടി തന്ന വിജയകാന്തിനെ കാണാൻ എത്തിയിരുന്നു. വിജയ്കാന്തിന് അന്തിമോപചാരം അർപ്പിക്കവേ വികാരാധീനനായി വിതുമ്പുകയായിരുന്നു നടൻ. എന്നാൽ ഇതിന് പിന്നാലെയുണ്ടായ ചെരുപ്പേറ് വിജയ് ആരാധകരേയും വിജയ്കാന്തിൻറെ ആരാധകരെയും ഒരുപോലെ രോഷം കൊള്ളിച്ചു. ഇത് ആര് ചെയ്താലും അവർക്കെതിരെ കർശന നടപടിയെടുക്കണം എന്നാണ് ആരാധകരുടെ ആവശ്യം.
വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്ത സിനിമകളിലധികവും. 1992-ൽ നായകനായി വിജയ് അരങ്ങേറ്റം കുറിച്ച ‘നാളെയെ തീർപ്പ്’ എന്ന ചിത്രം പരാജയമാതിനെ തുടർന്ന് വിജയകാന്ത് ആണ് പിന്നീട് വിജയ്യെ സിനിമ മേഖലയിലേക്ക് കൈപിടിച്ച് ഉയർത്തിയത്. ആദ്യചിത്രം പരാജയപ്പെട്ടതോടെ വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് വിജയ് യുടെ കരിയറിന് ഊർജമാകുമെന്ന് താൻ കരുതിയെന്നും പിന്നീട് വിജയ്യുടെ അച്ഛനായ ചന്ദ്രശേഖർ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ പ്രതിഫലം പോലും വാങ്ങാതെയാണ് അന്ന് വിജയകാന്ത് അഭിനിയിച്ചത്.
Read Also :2023 ൽ കേരളം കടന്ന് പോയ നിർണായ നിമിഷങ്ങൾ അറിയാം