അടൂര്‍: സമാനതകളില്ലാത്ത യാത്രയയപ്പാണ് അപ്പയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ആളുകള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
‘ഇ കെ നായനാര്‍ സാറിന്റെയും ലീഡര്‍ കരുണാകരന്റെയുമൊക്കെ വിലാപയാത്ര ദൂരെ നിന്ന് നോക്കി കണ്ടിട്ടുണ്ട് ഞാന്‍. കേരള മനസ്സില്‍ എത്രത്തോളം ഉമ്മന്‍ ചാണ്ടി ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നത് വീണ്ടും വീണ്ടും മനസ്സിലാവുകയാണ്. അപ്പ എന്നും ആള്‍ക്കൂട്ടത്തിനിടയിലായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ അപ്പയുടെ അവസാന യാത്ര പോവുമ്പോള്‍ അത്രയും ആളുകള്‍ തടിച്ചു കൂടി നില്‍ക്കുന്നു. കേരളത്തിലെ എല്ലാ ജനങ്ങളോടും അകമഴിഞ്ഞ നന്ദി പറയുകയാണ്. അദ്ദേഹം കൊടുത്ത സ്നേഹം ഒരായിരം ഇരട്ടിയായി ജനങ്ങള്‍ തിരിച്ചു നല്‍കുന്നു’, അച്ചു ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി എന്നൊരു രാഷ്ട്രീയ നേതാവിനെ വിലയിരുത്തുമ്പോള്‍ ജനകീയനാണെന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരി വെക്കുന്ന തരത്തിലാണ് കാഴ്ചകളെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെട്ട വിലാപയാത്ര, രാത്രി ഒമ്പത് മണിയോടെയാണ് പത്തനംതിട്ട ജില്ലയില്‍ പ്രവേശിച്ചത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് എം സി റോഡിലേക്ക് എത്തുന്നത്. എല്ലായിടത്തും വിലാപയാത്രയെ കാത്തുനിന്നത് വന്‍ ജനാവലിയാണ്. വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് വിലാപയാത്രയിലുടനീളം കേരളം സാക്ഷ്യം വഹിക്കുന്നത്. അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടുന്നതുമൂലം വിലാപയാത്ര പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.