നയ്പിഡോ: : മ്യാന്‍മര്‍- ബംഗ്ലാദേശ് തീരങ്ങളില്‍ ആഞ്ഞ് വീശി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ്. മ്യാന്‍മറിലെ പ്രധാന നഗരങ്ങള്‍ വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 130 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.വാര്‍ത്താ വിതരണ ശൃംഖല തകര്‍ന്നതായാണ് വിവരം. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സിറ്റ്വെയുടെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായതായും കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നതായും മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മണ്ണിടിച്ചിലില്‍ രണ്ട് പേരും മരം വീണ് ഒരാളും മരിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
അഭയാര്‍ത്ഥി ക്യാമ്പായ കോക്സ് ബസാറില്‍ 500-ലധികം മുളവീടുകള്‍ നശിച്ചിട്ടുണ്ട്. പ്രദേശത്ത് നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസഞ്ചര്‍ ദ്വീപില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥിക്കള്‍ക്കായി 55 ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിനിടെ ബംഗ്ലാദേശിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് വീശുന്നതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശിന്റെ തെക്ക് കിഴക്കന്‍ തീരപ്രദേശങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് മോക്ക സൃഷ്ടിച്ചത്. അഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചതിനാല്‍ വന്‍ തോതിലുള്ള ആളപായമില്ല.