ജോലിക്കിടെ രണ്ടുനേരം ചായയും കടിയും പതിവാക്കാത്തവര്‍ തീരേ കുറവായിരിക്കും. രാവിലെ പത്തിനുശേഷവും വൈകീട്ട് മൂന്നുമണിയോടെയും ഒന്നു ഫ്രഷാകാനുള്ള ഈസമയം ഓഫീസുകളില്‍ കസേരകള്‍ ഒഴിഞ്ഞുകിടക്കും, വര്‍ക്ക് സൈറ്റുകളില്‍ ജോലി നിലയ്ക്കും. എന്നാലറിയുക, ഈ ചായയും കടിയും ചോര്‍ത്തുന്നത് ആരോഗ്യമാണ്’ -പ്രമേഹത്തിനു വളമിടുകയാണ് നമ്മള്‍.
തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഡോ. ജീമോന്‍ പന്നിയാമാക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വെളിവാക്കുന്നതാണ് ഇക്കാര്യങ്ങള്‍.
ചായ തീരെ വര്‍ജിക്കണമെന്നല്ല, പഞ്ചസാര ഒഴിവാക്കണം. മധുരമുള്ള ചായയെപ്പോലെ കുഴപ്പമുള്ളതാണ് ചെറുകടിയെന്ന പേരുവീണ പലഹാരങ്ങളും. എല്ലാവരും ഇഷ്ടപ്പെടുന്ന കൊഴുക്കട്ട ആവിയില്‍ വേവിച്ചതാണെങ്കിലും സ്വീറ്റ് ബോള്‍ ആണെന്ന് തിരിച്ചറിവുണ്ടാകണം.
ചെറിയരീതിയില്‍ ജീവിതശൈലിയിലെ മാറ്റത്തിലൂടെ വലിയമാറ്റമാണുണ്ടാക്കാന്‍ കഴിഞ്ഞതെന്നു അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ പ്രമേഹത്തിന്റെ അളവ് 549 പേരുടേത് 5.7-ല്‍നിന്നു താഴ്ന്നു. ഭാരം ശരാശരി ഒരുകിലോയും കുടവയര്‍ 1.8 സെന്റിമീറ്ററും(ശരാശരി ഒരു സെന്റീമീറ്റര്‍) കുറഞ്ഞു. രക്തസമ്മര്‍ദവും താഴ്ന്നു.
പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, മദ്രാസ് ഡയബെറ്റിക്‌സ് റിസര്‍ച്ച് ഫൗണ്ടേഷന്‍, ശ്രീചിത്ര എന്നിവരായിരുന്നു പഠനത്തിന്റെ അക്കാദമിക് പാര്‍ട്ണര്‍മാര്‍.