ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1289 മദ്യക്കുപ്പികളും 51 കിലോഗ്രാമോളം മയക്കുമരുന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഏപ്രില്‍ 2020 മുതല്‍ ഡിസംബര്‍ 2022 കാലയളവില്‍ യാത്രക്കാരില്‍ നിന്നും നഷ്ടപ്പെട്ടതോ വിവിധ കാരണങ്ങളാല്‍ പിടികൂടിയതോ ആയ മദ്യക്കുപ്പികളാണ് നശിപ്പിച്ചത്.
വിവിധ ബ്രാന്‍ഡുകളുടെ മദ്യക്കുപ്പികള്‍ നശിപ്പിച്ചതായി കസ്റ്റംസ് ഉദ്യാഗസ്ഥര്‍ അറിയിച്ചു. മദ്യത്തിന് പുറമെ 51 കിലോഗ്രാം മയ്കകുമരുന്നും നശിപ്പിച്ചിട്ടുണ്ട്. ഇവയില്‍ 41 കിലോഗ്രാം ഫെറോയിനും ഒന്‍പത് കിലോഗ്രാം കൊക്കേയ്നും അടങ്ങുന്നതായാണ് വിവരം.
നേരത്തെ മേയ് മാസത്തില്‍ സമാനമായ രീതിയില്‍ ഡല്‍ഹിവിമാനത്താവളത്തില്‍ നിന്ന് 57.30 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകള്‍ സി.ഐ.എസ്.എഫ് പിടിച്ചെടുത്തിരുന്നു. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്റൈനിലേക്ക് യാത്ര ചെയ്യാനിരുന്ന വക്കീല്‍ അഹമ്മദില്‍ നിന്നുമാണ് മരുന്നുകള്‍ പിടിച്ചെടുത്തത്.
ഇദ്ദേഹത്തിന്റെ സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലായിരുന്നു മരുന്നുകള്‍ കണ്ടെത്തിയത്. എക്സ്-ബിഐഎസ് മെഷീന്‍ വഴി ചെക്ക്-ഇന്‍ ബാഗേജുകള്‍ പരിശോധിച്ചപ്പോഴും സംശയാസ്പദമായ ചിത്രങ്ങള്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.