കോഴിക്കോട്: പരുത്തി വ്യവസായം പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് കോട്ടണ്‍ മില്ലുകള്‍ പൂട്ടുന്നു. കേരള ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ 3 മില്ലുകള്‍ പൂട്ടി. 3 കോട്ടണ്‍ മില്ലുകള്‍ നഷ്ടത്തിലാണ് ഓടുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയില്ലെന്നും പരാതിയുണ്ട്. 1.25 കോടിയാണ് പ്രതിമാസ നഷ്ടം. 2022-ലെ പ്രവര്‍ത്തന നഷ്ടം 25 കോടിയാണ്. ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ 5 കോടിരൂപയാണ് ധനസഹായം ആവശ്യപ്പെടുന്നത്. നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ 23 മില്ലുകളും പൂട്ടി. പരുത്തിക്ക് വില കൂടിയതും നൂലിന് ആനുപാതികമായി വില ലഭിക്കുന്നില്ല എന്നതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. നൂല്‍ ഇറക്കുമതിയും കോട്ടണ്‍ മില്ലുകള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
പരുത്തി വ്യവസായത്തെ നിലനിര്‍ത്താന്‍ താല്‍ക്കാലിക പരിഹാരമുണ്ടായിട്ട് കാര്യമില്ല. ദേശീയ തലത്തില്‍ പരിഹാരമുണ്ടാകണം. ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണം, മിതമായ നിരക്കില്‍ പരുത്തി ലഭ്യമാക്കാന്‍ നടപടിയുണ്ടാവണം എന്നിവയാണ് ഉയരുന്ന ആവശ്യം. പ്രതിസന്ധിയില്‍ ശാശ്വത പരിഹാരമായില്ലെങ്കില്‍ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയാകും അത് ബാധിക്കുക.