തൃശൂര്‍: ജില്ലയിലെ കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂളിലേക്ക് നായകളെ വാങ്ങുന്നതിലും അവരുടെ ഭക്ഷണത്തിലും അഴിമതി നടന്നതായി കണ്ടെത്തി. സംഭവത്തില്‍ തൃശൂര്‍ ആംഡ് ബറ്റാലിയന്‍ അസിസ്റ്റണ്ട് കമാന്‍ഡന്‍ഡ് എസ് എസ് സുരേഷിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തിലൂടെയാണ് അഴിമതി കണ്ടെത്തിയത്. പൊലീസ് അക്കാദമിയിലെ സൗകര്യങ്ങള്‍ മറച്ചുവെച്ച് ടൂറിസ്റ്റ് കേന്ദ്രത്തില്‍ പരിശീലനം നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
എസ് എസ് സുരേഷിന്റെ താത്പര്യ പ്രകാരം അക്കാദമിയിലെ നായ്ക്കളെ ചികിത്സിക്കുന്നതിനായി ജില്ലാ ലാബ് ഓഫീസറെ നിയമിച്ചതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വിശദമായ അന്വേഷണം ആവശ്യമെന്ന് വിജിലന്‍സ് പറഞ്ഞു. ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
മറ്റു സേനകള്‍ വാങ്ങുന്നതിനേക്കാള്‍ വന്‍ വിലകൊടുത്താണ് പട്ടിക്കുഞ്ഞുങ്ങളെ പഞ്ചാബില്‍ നിന്നും രാജാസ്ഥാനില്‍ നിന്നും വാങ്ങിയത്. 125 നായ്ക്കളെ പരിശീലിപ്പിക്കുന്നതിനായുള്ള സൗകര്യം ഉണ്ടായിരിക്കേ താരതമ്യേന സൗകര്യമില്ലാത്ത കുട്ടിക്കാനം പോലുള്ള ക്യാംപുകളില്‍ നായകളെ പരിശീലിപ്പിക്കുന്നതായി വിജിലന്‍സിന്റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് നായകള്‍ക്ക് ഭക്ഷണം വാങ്ങുന്നതിന് സുരേഷ് നിര്‍ദേശം നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ വിജിലന്‍സ് സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സുരേഷ് സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സെന്ററിലെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ വര്‍ഷം വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.
തൃശൂരിലെ ട്രെയിനിങ് സെന്ററുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പുറപ്പെടുവിക്കുന്നത് തിരുവനന്തപുരത്തെ ഓഫിസില്‍ നിന്നാണ്. അഴിമതി നിരോധന നിയമം (ഭേദഗതി) സെക്ഷന്‍ 17 എ പ്രകാരം അനുമതി നല്‍കാനാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. ഇതിനു അനുമതി നല്‍കിയതിനൊപ്പം സുരേഷിന്റെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.