തിരുവനന്തപുരം: ഇ പിയുടെ മകനും ഭാര്യയും നിരാമയിലെ ജീവനക്കാരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട്കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന വി ഡി സതീശന്റെ ആരോപണം തള്ളി ഇ പിയും രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജ്യോതികുമാർ ചാമക്കാല ചിത്രം പുറത്തുവിട്ടത്. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി ഇടത് മുന്നണി കൺവീനർ ഇ പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇത്.
ഇ പി ജയരാജനുമായുള്ള ബിസിനസ് ബന്ധമെന്ന ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖർ രംഗത്തുവന്നിരുന്നു. ഇ പി ജയരാജനെ ഇതുവരെ കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇ പി ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമുണ്ടെങ്കിൽ ആരോപിക്കുന്നവർ തെളിയിക്കട്ടെ. കോൺഗ്രസിന് വികസനത്തെ പറ്റി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്റെയും കോൺഗ്രസിന്റെയും സ്ട്രാറ്റജിയാണ് ഇത് 2014 ൽ കേട്ടുതുടങ്ങിയ നുണ 2024 വരെ നീളുന്നു. നുണയല്ലാതെ വികസനത്തെക്കുറിച്ച് കോൺഗ്രസിന് ഒന്നും പറയാനില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന വി.ഡി സതീശന്റെ പ്രസ്താവനയിൽ മറുപടിയുമായി ഇ.പിയും രംഗത്തുവന്നു. ആയുർവേദ ചികിത്സയ്ക്കാണ് രാജീവ് ചന്ദ്രശേഖരന്റെ സ്ഥാപനവുമായി വൈദേകം റിസോർട്ട് കരാർ ഉണ്ടാക്കിയത്. നിരാമയ എൻഡിഎ സ്ഥാനാർത്ഥിയുടെ കമ്പനിയാണോ എന്നറിയില്ല. നിരാമയ കമ്പനിയുമായുള്ള കരാറിൽ തനിക്ക് ബന്ധമില്ലെന്നും താൻ വൈദേകം റിസോർട്ടിൽ അഡൈ്വസർ മാത്രമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ബന്ധം തെളിയിച്ചാൽ വി.ഡി സതീശന് എല്ലാം എഴുതി തരാമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാം എന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. നേരത്തേ ഇവർ തമ്മിൽ അന്തർധാരയായിരുന്നു, ഇപ്പോൾ പരസ്യ കൂട്ടുകെട്ടാണ്. ബിസിനസ് പങ്കാളിത്തം ഉണ്ടെന്നാണ് താൻ പറഞ്ഞത്. വൈദേഹവും നിരാമയയും ഒറ്റ കമ്പനി ആയെന്നും സതീശൻ പറഞ്ഞു. പിണറായിക്ക് ബിജെപിയെ പേടിയാണെന്നും സതീശൻ പറഞ്ഞു.അതാണ് ഇപിയെ കൊണ്ട് ബിജെപിയെ സുഖിപ്പിക്കുന്നത്. ഇപി പിണറായിയുടെ ടൂൾ ആണ്. ബിജെപി സ്ഥാനാർത്ഥികളോട് എന്താണ് ഇപി ക്ക് ഇത്ര സ്നേഹമെന്ന് സതീശൻ ചോദിച്ചു.