പട്‌ന: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്താന്‍ പോകുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ കക്ഷികളുടെ പ്രഥമ സംയുക്ത യോഗത്തിനു മുന്നോടിയായി ബിഹാറിലെ പട്‌നയില്‍ പാര്‍ട്ടി ഓഫീസില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രതിപക്ഷ യോഗം രാവിലെ പതിനൊന്നരയോടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ ആരംഭിച്ചു.
രാജ്യത്ത് നടക്കുന്നത് പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണെന്നും കോണ്‍ഗ്രസ് ‘ഭാരത് ജോഡോ’യിലും ബിജെപിയും ആര്‍എസ്എസും ‘ഭാരത് തോഡോ’യിലും വിശ്വസിക്കുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയെ വിഭജിക്കാനും വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനും ബിജെപി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രാഹുല്‍ ആരോപിച്ചു. ”വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടാനാകില്ലെന്ന് നിങ്ങള്‍ക്കറിയാം, സ്‌നേഹം കൊണ്ടു മാത്രമേ അതിനെ പരാജയപ്പെടുത്താനാകൂ. രാജ്യത്തെ ഒന്നിപ്പിക്കാനും സ്നേഹം പ്രചരിപ്പിക്കാനുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ ഡിഎന്‍എ ബിഹാറില്‍ ഉള്ളതിനാലാണ് ഞങ്ങള്‍ ബിഹാറില്‍ എത്തിയത്.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇവിടെ വന്നിട്ടുണ്ട്, ഞങ്ങള്‍ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ പോകുകയാണ്. കര്‍ണാടകയില്‍ ബിജെപി നേതാക്കള്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. പക്ഷേ ഫലം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാം. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നപ്പോള്‍ തന്നെ കര്‍ണാടകയില്‍ ബിജെപി ഇല്ലാതായി. തെലങ്കാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി ഇനി ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് വിജയിക്കുമെന്നും ഞാന്‍ ഉറപ്പിച്ചു പറയുന്നു.” രാഹുല്‍ പറഞ്ഞു.
2024ലെ പൊതുതിരഞ്ഞെടുപ്പില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഐക്യത്തോടെ പോരാടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. ബിഹാറില്‍ വിജയിച്ചാല്‍ രാജ്യത്ത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്ത ഖാര്‍ഗെ, ഭാരത് ജോഡോ യാത്ര നടത്തിയ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചു.
നിര്‍ണായക പ്രതിപക്ഷ യോഗത്തിനായി പട്‌നയില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ബിഹാറിലെത്തിയ രാഹുലിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരുമുണ്ടായിരുന്നു. വിമാനത്താവളത്തിലെത്തിയാണ് നിതീഷ് കുമാര്‍, കോണ്‍ഗ്രസ് നേതാക്കളെ സ്വീകരിച്ചത്. രാവിലെ മുതല്‍ വിമാനത്താവളപരിസരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും കൊണ്ടു നിറഞ്ഞിരുന്നു. ഇതിനുശേഷമാണ് രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയത്.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള വഴികള്‍ തേടിയാണ് പ്രതിപക്ഷ കക്ഷികളുടെ പ്രഥമ സംയുക്ത യോഗം ചേരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് 4 മാസം മുന്‍പാണു പ്രതിപക്ഷം ഇത്തരത്തിലുള്ള ആദ്യയോഗം ചേര്‍ന്നതെങ്കില്‍ ഇക്കുറി ഒരു വര്‍ഷം മുന്‍പേ ഐക്യം രൂപപ്പെടുത്താനാണു ശ്രമം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്‍കയ്യെടുത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ആര്‍ജെഡി, ജെഡിയു, എന്‍സിപി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ്, മുസ്ലിം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് (എം) എന്നിവയടക്കം 20 കക്ഷികള്‍ പങ്കെടുക്കും. ബിഎസ്പി, ബിആര്‍എസ് എന്നീ പാര്‍ട്ടികള്‍ പങ്കെടുക്കില്ല.