അബുദാബി: യുഎഇയില്‍ 50ഓളം കമ്പനികള്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. 55,192 പരിശോധനകളാണ് രണ്ട് മാസത്തിനുള്ളില്‍ നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കൊടുംചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുതിന്റെ ഭാഗമായാണ് ജൂണ്‍ 15 മുതല്‍ യുഇഎയില്‍ ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയത്.
ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണിവരെയാണ് ഇടവേള. ഈ സമയങ്ങളില്‍ തൊഴിലാളികളെ പുറം ജോലി ചെയ്യിപ്പിക്കരുതെന്നാണ് മാനവ വിഭവശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം രാജ്യത്തെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അടിയന്തര സേവന മേഖല ഒഴികെ പുറം ജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികള്‍ക്കും നിയമം ബാധകമാണ്.
എന്നാല്‍ ചില കമ്പനികള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാണ് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നടത്തിയ പരിശോധനയിലാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത 50ഓളം കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമന്നും മാനവവിഭവ ശേഷി സ്വദേശി വത്ക്കരണ മന്ത്രാലം മുന്നറിയിപ്പ് നല്‍കി.
സൂര്യാഘാതം, നിര്‍ജ്ജലീകരണം എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുതിനാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉച്ചവിശ്രമം നല്‍കുന്നത്. ചൂട് താരതമ്യേന കുറഞ്ഞ രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റാക്കിയോ പുലര്‍ച്ചെ ആരംഭിച്ച് 12 മണിക്ക് അവസാനിക്കുന്ന വിധം ഒറ്റ ഷിഫ്റ്റ് ആക്കിയോ ജോലി ക്രമീകരിക്കാമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ തുടക്കത്തില്‍ താക്കീത് നല്‍കും. വീണ്ടും ആവര്‍ത്തിച്ചാല്‍ ഓരോ തൊഴിലാളിക്കും അയ്യായിരം ദിര്‍ഹം വീതം പിഴ ചുമത്തും.