ന്യൂഡല്‍ഹി: ആറുപേര്‍ കൊല്ലപ്പെട്ട ഹരിയാനയിലെ നൂഹിലെ വര്‍ഗീയ കലാപത്തില്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. നൂഹ് എസ്പി വരുണ്‍ സിങ്കളയെ സ്ഥലംമാറ്റി. ഭിവാനിയിലാണു പുതിയ ചുതമല. ഐപിഎസ് നരേന്ദ്ര ബിജാര്‍നിയയാണ് നൂഹിലെ പുതിയ എസ്പി. ജൂലൈ 31നാണു ഹരിയാനയിലെ ഒരു മതറാലിക്കിടെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 176 ആളുകള്‍ അറസ്റ്റിലായി. 90 പേരെ കസ്റ്റഡിയിലെടുത്തു. 93 എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
അതേസമയം കലാപത്തിനിടെ നല്ലഹാദ് ക്ഷേത്രത്തില്‍ അഭയം തേടിയ 2500 പേരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഹരിയാനയിലെ എഡിജിപി മമത സിങിനെ സംസ്ഥാന സര്‍ക്കാര്‍ പ്രശംസിച്ചു. ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നൂഹിലേക്ക് ഉടനടി എത്തുകയായിരുന്നെന്നു മമത പറഞ്ഞു.
”നൂഹിലെത്തുമ്പോള്‍ വലിയ സംഘര്‍ഷം നടക്കുകയായിരുന്നു. വാഹനങ്ങള്‍ കത്തുകയും ആള്‍ക്കൂട്ടം കല്ലുകള്‍ എറിയുകയും പൊലീസിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പരിക്കേറ്റെങ്കിലും ക്ഷേത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിഞ്ഞു. ക്ഷേത്രത്തിലുണ്ടായിരുന്ന ആളുകളെ ചെറിയ സംഘങ്ങളായി തിരിച്ചു പൊലീസ് വാഹനങ്ങളിലും മറ്റു വാഹനങ്ങളിലും എത്തിച്ചു. അക്രമികള്‍ ഒരു പ്രത്യേക സംഘത്തെയാണ് ലക്ഷ്യമിട്ടിരുന്നത്”- മമത വിശദീകരിച്ചു. ജൂലൈ ഒന്നിനു കലാപബാധിത പ്രദേശങ്ങള്‍ മമത സന്ദര്‍ശിക്കുകയും ചെയ്തു.