സ്‌കൂള്‍ കാലഘട്ടത്തിലെ ഓണമാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്പെഷ്യല്‍. സാധാരണയായി ഓണാവധി കിട്ടിയാല്‍ എന്റെ കൂട്ടുകാരടക്കം എല്ലാവരും അമ്മവീട്ടില്‍ പോകാനായിരിക്കും ഒരുങ്ങി ഇരിക്കുക. എന്റെ അമ്മ ഇളയ മകള്‍ ആയതിനാല്‍ വവാഹശേഷം കുടുംബത്തില്‍ തന്നെയാണ് നിന്നത്. അപ്പോള്‍പിന്നെ അമ്മവീടും സ്വന്തം വീടുമെല്ലാം എനിക്ക് ഒന്നുതന്നെയാണ്. ഓണാവധി ആരംഭിക്കുന്നതിന്റെ തലേദിവസം ആയിരിക്കും സ്‌കൂളിലെ ഓണാഘോഷം. അന്ന് മാത്രമാണ് യൂണിഫോമില്‍ നിന്നും സ്വതന്ത്രമാകാനുള്ള അവസരം കിട്ടുന്നത്. നമുക്ക് ഇഷ്ടപ്പെട്ട് ഡ്രസ് ഇട്ടോണ്ടു പോകാം എന്നതിനാല്‍ അമ്മ തലേ ദിവസം തന്നെ ഷര്‍ട്ട് ഒക്കെ തേച്ച് വെക്കും. ആ സമയത്ത് ഞാന്‍ പോയി അയല്‍ വീടുകളില്‍ പോയി പൂ ശേഖരിക്കും. കാരണം അതത് ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരുന്ന പൂക്കള്‍കൊണ്ടാണ് അത്തപ്പൂ ഇടേണ്ടത്. അതിന് മത്സരങ്ങളുമുണ്ട്. അതുകൊണ്ട് എങ്ങനെയും ഒന്നാംസ്ഥാനം മേടിക്കണമെന്ന ലക്ഷ്യം മാത്രം മനസില്‍ വെച്ചുകൊണ്ടാണ് പൂക്കള്‍ പറിക്കുന്നത്. ചില വീടുകളില്‍ പൂക്കള്‍ പറിക്കാന്‍ സമ്മതിക്കില്ല.
മറ്റു ചിലയിടങ്ങളില്‍ പൂ പറിക്കാന്‍ പോയാല്‍ പട്ടി ഓടിക്കും. എങ്കിലും കഴിവിന്റെ പരമാധവി പൂക്കള്‍ പറിച്ച് റെഡിയാക്കിവെക്കും. അടുത്ത ദിവസം രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് ആഹാരം എന്തെങ്കിലും കഴിച്ചെന്ന് വരുത്തി കളര്‍ ഡ്രസ് ഒക്കെ ഇട്ട് പൂക്കളുമായി സ്‌കൂളിലേക്ക് പോകും. പിന്നെ അത്തപ്പൂക്കളമൊരുക്കാനുള്ള ആവേശമാണ്. ഒടുവില്‍ ഒന്നാം സ്ഥാനം കിട്ടി അതിന്റെ വിജയാഘോഷം കൂടി കഴിയുമ്പോള്‍ ഓണം കളറാകും. കോളേജിലും മറ്റും ഓണം ആഘോഷിച്ചിട്ടുണ്ടെങ്കിലും സ്‌കൂളിലെ ആഘോഷം പൊളിയാണ്.