ബെയ്ജിംഗ്: ചൈന പുറത്തുവിട്ട പുതിയ ഭൂപടത്തില്‍ എതിര്‍പ്പുമായി രാജ്യങ്ങള്‍. സ്പ്രാറ്റ്ലി, പാഴ്‌സല്‍ ദ്വീപുകളും സമുദ്രാതിര്‍ത്തിയും ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിലൂടെ ചൈന തങ്ങളുടെ പരമാധികാരത്തില്‍ കൈകടത്തിയതായി വിയറ്റ്‌നാം പ്രതികരിച്ചു.
തെക്കന്‍ ചൈനാ കടലില്‍, ചൈനയുടെ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് വിയറ്റ്‌നാമും ഫിലിപിന്‍സും വ്യക്തമാക്കി. തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളെ ചൈന ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയെന്ന് കാണിച്ച് മലേഷ്യയും തയ്വാനും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നേരത്തെ അരുണാചല്‍ പ്രദേശും അക്‌സായി ചിന്നും ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഇന്ത്യയും രംഗത്തു വന്നിരുന്നു. എന്നാല്‍ ഭൂപടം പുറത്തുവിട്ടത് സാധാരണ കീഴ്വഴക്കം മാത്രമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ ബുധനാഴ്ച പ്രതികരിച്ചു.
1947 ലെ ഭൂപട പ്രകാരം, തെക്കന്‍ ചൈനാ കടലിലെ 80 ശതമാനവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ചൈന വാദിക്കുന്നു. ഹൈനാന്‍ ദ്വീപിന് തെക്ക് 1800 കിലോമീറ്റര്‍ സമുദ്രാതിര്‍ത്തി തങ്ങളുടേതാണെന്നാണ് ചൈനീസ് വാദം. വിയറ്റ്‌നാം, ഫിലിപൈന്‍സ്, ബ്രൂണെയ്, മലേഷ്യ, തയ്വാന്‍ എന്നീ രാജ്യങ്ങള്‍ അതിരു പങ്കിടുന്ന സമുദ്ര മേഖലയാണിത്.