തിരുവനന്തപുരം: ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറി. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപിയാകും. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയാണ് ഷെയ്ഖ് ദര്‍വേസ് സാഹിബ്. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബിനുള്ളത്.
പൊലീസിലെ സൗമ്യതയുടെ മുഖം എന്നാണ് ആന്ധ്ര സ്വദേശിയായ ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയപ്പെടുന്നത്. എന്നും വിവാദങ്ങളില്‍ നിന്നും എന്നും മാറിനടന്ന ഉദ്യോഗസ്ഥന്‍. 1990 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹത്തിന്റെ തുടക്കം നെടുമങ്ങാട് എഎസ്പിയായിട്ടായിരുന്നു. വയനാട്, പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് മേധാവിയായി. തിരുവനന്തപുരം, തൃശൂര്‍ റെയ്ഞ്ചുകളിലും പൊലീസ് ആസ്ഥാനത്തും ഐജിയായി. വിജിലന്‍സില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയിരുന്നു. രണ്ട് തവണ ക്രൈംബ്രാഞ്ച് മേധാവിയായി പ്രവര്‍ത്തിച്ചു.
നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വി വേണു. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ തുടക്കം പാലാ സബ്കളക്ടറായിട്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു. കേരള ട്രാവല്‍ മാര്‍ട്ട്, ഉത്തരവാദിത്ത ടൂറിസം എന്നിവ തുടങ്ങിയത് വി വേണുവാണ്. കണ്ണൂര്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സ്‌പെഷ്യല്‍ ഓഫീസറായിരുന്നു. പ്രളയത്തിന് ശേഷം കേരള പുനര്‍നിര്‍മ്മാണത്തിന്റെ ചുമതലയും സര്‍ക്കാര്‍ നല്‍കിയത് വി വേണുവിനാണ്. നിലവില്‍ ആഭ്യന്തര പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിയാണ്.