തിരുവനന്തപുരം: മന്ത്രിമാര്‍ സന്ദര്‍ശിച്ച് ഓണാഘോഷത്തിനു മുഖ്യാതിഥിയായി ക്ഷണിച്ചതിനു പിന്നാലെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ചീഫ് സെക്രട്ടറി വി.വേണു കൂടിക്കാഴ്ച നടത്തി. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായി. ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണു സര്‍ക്കാര്‍ തീരുമാനം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യംചെയ്തു കോടതിയെ സമീപിക്കാന്‍ നിയമോപദേശം ലഭിച്ചെങ്കിലും തിരക്കിട്ടു നടപടികള്‍ വേണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്.
പിഎസ്സി അംഗങ്ങളായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടുപേരുടെ നിയമനം പരാതികളെ തുടര്‍ന്നു ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല. ലോകായുക്ത നിയമഭേദഗതി, ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള സര്‍വകലാശാല നിയമ ഭേദഗതി തുടങ്ങി നിയമസഭ പാസാക്കിയ ആറു ബില്ലുകളില്‍ ഗവര്‍ണര്‍ ഇതേവരെ ഒപ്പ് വച്ചിട്ടില്ല. ലോകായുക്ത ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിലും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്ന സാഹചര്യം നിലവിലില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസ് ലോകായുക്ത വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
ചാന്‍സലര്‍ പദവിയില്‍നിന്നും ഗവര്‍ണറെ നീക്കികൊണ്ടുള്ള നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കിലും, കേരള സര്‍വകലാശാല ഒഴികെയുള്ള സര്‍വകലാശാലകളില്‍ സര്‍ക്കാരിനു താല്‍പര്യമുള്ള താല്‍ക്കാലിക വിസിമാരെ നിയമിച്ചതിലുള്ള ആശ്വാസം സര്‍ക്കാരിനുണ്ട്. കേരള, കാലിക്കറ്റ് സര്‍വകലാശാല സെനറ്റുകളിലേയ്ക്ക് 16 പേരെ വീതം ഗവര്‍ണര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യണം. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ ഓഗസ്റ്റ് 9ന് തീരുമാനിച്ചെങ്കിലും നിയമനം സംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിട്ടില്ല.
വിവരാവകാശ കമ്മിഷണര്‍മാരുടെ ഒഴിവുകളില്‍ നിയമനം നടത്തണമെങ്കില്‍ അത് ഗവര്‍ണര്‍ അംഗീകരിക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെയാണ് നിയമനം ശുപാര്‍ശ ചെയ്തത്. മണികുമാര്‍ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ നിര്‍ണായക കേസുകളില്‍ സര്‍ക്കാരിനെ വഴിവിട്ട് സഹായിക്കുകയും, ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്‌തെന്ന് ആരോപണമുണ്ട്. ഇതിനു പാരിതോഷികമായാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹത്തെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയുടെയും പരാതികള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്.