കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടു. കന്നിയാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പൊലീസ് ഉദ്യോ?ഗസ്ഥര്‍ അടക്കമുളളവരുണ്ട്. കോച്ചുകളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. യാത്രയ്ക്ക് മുമ്പ് ട്രാക്കുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നും 3:40 ഓടെയാണ് ട്രെയിന്‍ പുറപ്പെട്ടത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജികുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുകൂടിയാണ് കനത്ത സുരക്ഷയൊരുക്കിയത്. നേരത്തെ എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യവേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയതും മുന്നിലുണ്ട്. ഇതിന് പുറമേ നിരന്തരം വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ ട്രെയിനുകള്‍ക്കെതിരെ കല്ലേറുകള്‍ പതിവാകുന്നുണ്ട്.
കൂത്തുപറമ്പില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച്ചയാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. വന്ദേഭാരതിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.