കോട്ടയം: പ്രചാരണത്തിനായി മുഖ്യമന്ത്രിയും 15 മന്ത്രിമാരും നാളെ മുതല്‍ പുതുപ്പള്ളിയിലേക്ക്. വി.ശിവന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, കെ.കൃഷ്ണന്‍കുട്ടി, ജെ.ചിഞ്ചുറാണി, കെ.ബിന്ദു എന്നിവര്‍ ഒഴികെയുള്ള എല്ലാ മന്ത്രിമാരും നാളെ മുതല്‍ മൂന്നു ദിവസത്തേക്കു മണ്ഡലത്തില്‍ എത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനത്തിലെ ആദ്യ രണ്ടു പൊതുപരിപാടികള്‍ 24നാണ്. തുടര്‍ന്നു 30, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ 6 പൊതുയോഗങ്ങളില്‍കൂടി മുഖ്യമന്ത്രി പ്രസംഗിക്കും.
മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ ഒരു പരിപാടി എന്ന തരത്തിലാണു മുഖ്യമന്ത്രിയുടെ പ്രചാരണം. വികസന സന്ദേശ സദസ്സ് എന്നു പേരിട്ടിരിക്കുന്ന സംവാദ പരിപാടികളിലാണു മന്ത്രിമാര്‍ പങ്കെടുക്കുന്നത്. 23, 25, 26 തീയതികളില്‍ സംവാദ പരിപാടി നടക്കും. മണ്ഡലത്തെ 20 സോണുകളായി തിരിച്ചാണു പരിപാടി. നാട്ടുകാരനായ മന്ത്രി വി.എന്‍.വാസവനാണ് ഏറ്റവും കൂടുതല്‍ വികസന സന്ദേശ സദസ്സുകളില്‍ പങ്കെടുക്കുന്നത്; 4 എണ്ണം. നാളെ 13 മന്ത്രിമാര്‍ മണ്ഡലത്തിലുണ്ടാകും. 24, 25, 26 തീയതികളില്‍ ബാക്കി സ്ഥലങ്ങളിലും സന്ദേശ സദസ്സ് നടക്കും. ഓരോ പ്രദേശത്തെയും വികസനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുകയാണു പരിപാടിയുടെ ലക്ഷ്യമെന്ന് എല്‍ഡിഎഫ് പറയുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുക കൂടിയാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വീടുകയറി വോട്ടു ചോദിക്കാനടക്കം എത്തിയ മന്ത്രിമാര്‍ പുതുപ്പള്ളിയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരെ ‘മിസ്’ ചെയ്യുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരിഹസിച്ചിരുന്നു.