ലൊസെയ്ന്‍: വനിത ചെസ് ടൂര്‍ണമെന്റുകളില്‍ നിന്ന് ട്രാന്‍സ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍. താല്‍ക്കാലിക വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതകളായി മാറുന്ന പുരുഷ താരങ്ങള്‍ക്ക് വനിത ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ നിലവില്‍ കഴിയില്ല. ഇക്കാര്യത്തില്‍ പുതിയ നിയമം ഉണ്ടാകും. അതിന് ശേഷം മാത്രമായിരിക്കും ട്രാന്‍സ് താരങ്ങള്‍ക്ക് വനിത ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നും ചെസ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ട്രാന്‍സ് താരങ്ങള്‍ക്കായുള്ള പുതിയ നിയമം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇറങ്ങുമെന്നാണ് സൂചന. എന്നാല്‍ ട്രാന്‍സ് താരങ്ങള്‍ക്ക് ചെസ് കളിക്കുന്നതില്‍ വിലക്കില്ല എന്നും ചെസ് ഫെഡറേഷന്‍ അറിയിച്ചു. പുരുഷന്മാരായി മാറിയ വനിതകള്‍ക്ക് പുരുഷ വിഭാ?ഗത്തില്‍ തന്നെ മത്സരിക്കാന്‍ കഴിയും. എന്നാല്‍ ഇവര്‍ നേരത്തെ വനിതകളായി മത്സരിച്ച് നേടിയ ചാമ്പ്യന്‍ഷിപ്പുകള്‍ തിരിച്ചെടുക്കുവാനും നിയമത്തില്‍ പറയുന്നു.
നിയമത്തിനെതിരെ ട്രാന്‍സ് താരങ്ങളില്‍ നിന്ന് വിമര്‍ശനം ശക്തമാകുകയാണ്. പുരുഷനോ സ്ത്രീയോ ആയിരിക്കുമ്പോള്‍ ചെസില്‍ യാതൊരു അനുകൂല്യവും ലഭിക്കുന്നില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജേര്‍ണലിസ്റ്റും ചെസ് താരവുമായ അന വാലെന്‍സ് പറഞ്ഞു. സമാനമായി അന്താരാഷ്ട്ര സൈക്കിളിങ് യൂണിയനും അത്ലറ്റിക്സ്, സ്വിമ്മിങ് ഫെഡറേഷനും ട്രാന്‍സ് താരങ്ങള്‍ക്ക് വനിത ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.